ഇനി ആര്‍ക്കും ഏഴാം നമ്പറില്ല; ധോണിയോടുള്ള ആദരവ്, 7-ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ബി.സി.സി.ഐ

December 15, 2023

ഫുട്‌ബോളിലെ ഏഴാം നമ്പര്‍ ജഴ്‌സി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുഖമാണ്. ഏഴാം നമ്പര്‍ ജഴ്‌സിയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് സിആര്‍7 കുതിച്ചപ്പോള്‍ ലോകം അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഏഴാം നമ്പറിന് ഒരേയൊരു അവകാശി മാത്രമേയുള്ളൂ. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ( MS Dhoni’s No.7 jersey retired by BCCI )

ഏഴാം നമ്പര്‍ ജഴ്സിയണിഞ്ഞ് ധോണി ഇന്ത്യയെ നയിച്ചത് അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ട്വന്റി 20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യന്‍സ് ട്രോഫി (2013) എന്നി കിരീടങ്ങളാണ് ധേണിയുടെ നായകത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ടീമിനും ക്രിക്കറ്റിനും മഹിയുടെ സംഭാവനകള്‍ മറക്കാനാവില്ല. ഇനി ഇതുപോലൊരു നായകനെ ടീമിന് ലഭിക്കില്ല എന്ന് തന്നെ പറയാം. അതാണ് ധോണിയുടെ മഹത്വം. ഈ പ്രകടനത്തിനൊപ്പം ആരാധകരുടെ മനസില്‍ ഇടംപിടിച്ചതാണ് അദ്ദേഹത്തിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയും. ഇപ്പോള്‍ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പര്‍ ജേഴ്‌സി ബിസിസിഐ പിന്‍വലിച്ചു. ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ജഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജഴ്‌സിയാണ്. ഇനി മുതല്‍ 7, 10 നമ്പറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also : വ്‌ലാഡിമിര്‍ പുടിന് നേരെ വധശ്രമം, കാന്‍സര്‍ ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും; 2024-ലെ ബാബ വാംഗ പ്രവചനങ്ങള്‍..

ഇന്ത്യന്‍ താരം ഷര്‍ദുള്‍ താക്കൂര്‍ 10-ാം നമ്പര്‍ ജഴ്‌സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10-ാം നമ്പര്‍ ജഴ്‌സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്‌സികള്‍ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കില്‍ പോലും അവന്റെ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല. അരങ്ങേറ്റക്കാര്‍ക്ക് തെരഞ്ഞെടുക്കാന്‍ 30 നമ്പറുകളുണ്ടെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി.

Story Highlights : MS Dhoni’s No.7 jersey retired by BCCI