ഹാർദികിനെ ഹാട്രിക് സിക്സറിന് പറത്തി ‘തല’ ഫിനിഷിംഗ്; വംഖഡെയിൽ റെക്കോർഡുകള്‍ വാരിക്കൂട്ടി ധോണി

April 15, 2024

ഐപിഎല്‍ 17-ാം സീസണിലെ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സുപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. പേസര്‍ മതീഷ പതിരാന നാല് വിക്കറ്റുമായി കൊടുങ്കാറ്റായപ്പോള്‍ 20 റണ്‍സിനായിരുന്നു ചെന്നൈ ജയിച്ചു കയറിയത്. ഈ മത്സരത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ( MS Dhoni’s hattrick Sixes against Hardik Pandya )

42 വയസ് പിന്നിടുമ്പോഴും ധോണിയുടെ പവര്‍ ഹിറ്റിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. മുംബൈക്കെതിരായ മത്സരത്തില്‍ 20-ാം ഓവറില്‍ കളത്തിലിറങ്ങിയ ധോണി നിരവധി റെക്കോഡുകളുമായിട്ടാണ് തിരിച്ചു കയറിയത്.

ഐപിഎല്‍ കരിയറില്‍ 20-ാം ഓവറുകളില്‍ 64 സിക്‌സുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പറന്നിട്ടുള്ളത്. 96 ഇന്നിങ്‌സുകളില്‍ ഇരുപതാം ഓവറുകളില്‍ 309 ഡെലിവറികള്‍ നേരിട്ട ധോണി നേടിയത് 756 റണ്‍സ്. 20-ാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിയവരില്‍ രണ്ടാമത് നില്‍ക്കുന്ന കീറോണ്‍ പൊള്ളാര്‍ഡ് നേടിയത് 405 റണ്‍സ്.

ടി-20 മത്സരങ്ങളിലെ അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ച കണക്കിലും 33 സിക്‌സുകള്‍ പറത്തിയ പൊള്ളാര്‍ഡ് ആണ് ധോണിക്ക് പിന്നിലുള്ളത്. ഐപിഎല്ലില്‍ നേരിട്ട ആദ്യ മൂന്ന് പന്തിലും സിക്‌സ് പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി.

Read Also : രാകേഷ് ശർമയ്ക്ക് പിൻഗാമി; ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയായി ഗോപിചന്ദ്!

ഇന്നലെ മുംബൈക്കെതിരെ അവസാന ഓവറില്‍ ബാറ്റിങ്ങിറങ്ങിയ ധോണി മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക്ക് പാണ്ഡ്യയെയാണ് ധോണി നേരിട്ടത്. ഡാരല്‍ മിച്ചല്‍ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്. ഹാര്‍ദികിനെ ഹാട്രിക് സിക്സറിന് പറത്തിയ ഫിനിഷിങ്ങാണ് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായ ഒരു ഘടകം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ധോണി നാല് പന്തുകളില്‍ നിന്ന് 20 റണ്‍സ് നേടി. ചെന്നൈ വിജയിച്ചതും ഈ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു.

Story highlights : MS Dhoni’s hattrick Sixes against Hardik Pandya