ആരാധകരുടെ തലയായി, തലൈവനായ്; ധോണി പടിയിറങ്ങുമ്പോൾ..!

March 23, 2024

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം മുന്നേറുന്ന കാലം. 2004 ഡിസംബര്‍ 23, അന്നാണ് ക്രിക്കറ്റ് ലോകത്തിന് അത്ര സുപരിചിതമല്ലാത്ത ഒരു പയ്യന്‍ ഇന്ത്യക്കായി അരങ്ങേറാന്‍ ക്രീസില്‍ എത്തുന്നത്. ചെമ്പിച്ച നീളന്‍ മുടി, പ്രായം ഏതാണ്ട് 23 വയസ്. ഇന്ത്യന്‍ ദേശിയ ടീമിനായി തന്റെ ആദ്യ മത്സരം. എതിരാളികള്‍ ബംഗ്ലാദേശണെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് അയാള്‍ ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി മടങ്ങാനായിരുന്നു അയാളുടെ വിധി. പ്രതീക്ഷയോടെ വന്ന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ റണ്ണൊന്നും നേടാതെ ഒരു പ്ലയെര്‍ പുറത്തായാല്‍ ടീമിലും, തന്നിലും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളൊക്കെ നമുക്ക് ഊഹിക്കാവുന്നതേയുള്ളു.അതും പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീം കൂടിയാകുമ്പോള്‍.. ( Dhoni steps down as CSK captain )

എന്നാല്‍ അയാളുടെ കഥ എപ്പോഴുമുള്ള ഊഹാപോഹങ്ങള്‍ പോലെയെല്ലായിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള തൊട്ടടുത്ത പരമ്പരയിലെ രണ്ടാം മത്സരം. സമിയും അബ്ദുല്‍ റസാക്കും, അഫ്രിദിയും ഹഫീസും ഇന്ത്യന്‍ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കാലം. അന്ന് ആ പയ്യന്‍ വിശാഖപട്ടണത്ത് അടിച്ചുകൂട്ടിയത് 15 ഫോറും നാല് സിക്സും ഉള്‍പ്പെടെ 123 പന്തില്‍ 148 റണ്‍സ്. സെഞ്ച്വറി അടിച്ച് ഹെല്‍മെറ്റൂരി ബാറ്റ് വീശി തന്റെ വരവറിയിക്കുമ്പോള്‍ കായിക ലോകം അയാളെ ആരാധനയോടെ ആ മൂന്നക്ഷരത്തില്‍ നെഞ്ചിലേറ്റി… MSD

ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും ധോണി എന്നും പ്രതീക്ഷയായിരുന്നു.. അയാള്‍ ക്രീസിലുണ്ടെങ്കില്‍ കൈവിട്ടെന്ന് കരുതിയ ഏത് കളിയും വിജയിക്കുമെന്ന പ്രതീക്ഷ. മുന്‍നിര തകര്‍ന്നാല്‍ ടിവി ഓഫ് ചെയ്തിരുന്ന ഒരു കൂട്ടം ആരാധകരെ ഇന്നിങ്‌സിലെ അവസാന പന്ത് വരെ കളി കാണാന്‍ ശീലിപ്പിച്ചത് ആ മനുഷ്യനായിരുന്നു.. വിക്കറ്റുകള്‍ക്കിടയില്‍ വേഗത്തില്‍ ഓടാനും.. കണ്ണഞ്ചും വേഗത്തിലുള്ള സ്റ്റമ്പിങ്ങിനും, യാതാരെു ഭാവവ്യത്യാസവുമില്ലാതെ എതിരാളികളെ കീഴ്‌പ്പെടുത്താനായി തന്ത്രങ്ങള്‍ മെനയാനും, അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയേറുന്ന നിമിഷങ്ങളില്‍ കൂളായി ഗാലറികളിലേക്ക് പറത്തുന്ന പടുകൂറ്റന്‍ സിക്‌സറുകളിലൂടെ ടീമിനെ ജയിപ്പിക്കാനും ധോണിയേക്കാള്‍ മികച്ചൊരു ഫിനിഷര്‍ ഉണ്ടോ? Defenetly No..!

ധോണി അത്ര സ്‌റ്റൈലിഷ് ബാറ്ററൊന്നുമായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതനായിരുന്ന സച്ചിന്റെ ബാറ്റില്‍ നിന്നും പിറക്കുന്ന കവര്‍ ഡ്രൈവുകളോ സ്‌ട്രൈറ്റ് ഡ്രൈവുകളോ ഫുട്ട് വര്‍ക്കോ ധോണിയുടെ ബാറ്റിങ്ങില്‍ നമുക്ക് കാണാനാകില്ല. എന്നാല്‍ എതിരെ പന്തെറിയാനെത്തുന്നത് എത്ര പരിചയസമ്പന്നനാണെങ്കിലും നിര്‍ദാക്ഷണ്യം അതിര്‍ത്തി കടത്തുന്നതാണ് ധോണിയുടെ ശൈലി. ആ പ്രതിഭാശാലിയുടെ പവര്‍ ഹിറ്റിന് മുന്നില്‍ മറുപടിയില്ലാതെ തലകുനിച്ച നിരവധി ബോളര്‍മാരുണ്ട്. ക്രിക്കറ്റിന്റെ വേദപുസ്തകം വായിക്കാതെ കളിപഠിച്ച ധോണിയുടെ പക്കല്‍ എല്ലാ പന്തുകളെയും നിര്‍ഭയം നേരിടാന്‍ തന്റെതായ ശൈലികളും രീതികളുമുണ്ടായിരുന്നു. അതിലൊന്നാണ് ക്രിക്കറ്റ് ലോകം എക്കാലവും ഓര്‍ത്തുവയ്ക്കുന്ന ഹെലികോപ്റ്റര്‍ ഷോട്ടുകള്‍..

2007 പ്രഥമ ടി20 ലോകകപ്പ് വിജയം ധോണിയുടെ കരിയറിന്റെ തലവര തന്നെ മാറ്റി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിട്ടും തന്നില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കുള്ള സമ്മാനമായിരുന്നൂ കുട്ടി ക്രിക്കറ്റിലെ ലോക കിരീടത്തിലൂടെ ധോണി തിരികെ നല്‍കിയത്. ഒരുപറ്റം ചെറുപ്പക്കാരുമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലേക്ക് വിമാനം കയറിയ ടീം ഇന്ത്യ, ക്യാപ്റ്റന്‍ ധോണിയുടെ കീഴില്‍ അത്ഭുത പ്രകടനവുമായാണ് മടങ്ങിയത്.

അന്ന് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കിരീടമുയര്‍ത്തി തുടങ്ങിയ ക്യാപ്റ്റന്‍ കൂളിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഏകദിന ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും അടക്കം ഐസിസിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ധോണിയുടെ കീഴില്‍ ഇന്ത്യ ജേതാക്കളായി. വിക്കറ്റിന് പിന്നിലും മുന്നിലും ഫീല്‍ഡിങ് പ്ലേസ്‌മെന്റിലും എന്തിനേറെ പറയുന്നു.. ബാറ്റിങ്-ബോളിങ് ഓര്‍ഡറുകളിലും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടതോടെ ധോണി ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി.

2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സുപ്പര്‍ കിങ്‌സിന്റെ അമരക്കാരനാണ് ധോണി. കളിച്ച 14 സീസണുകളില്‍ പത്തിലും ഫൈനലിലെത്തി.. അഞ്ച് തവണ ജേതാക്കളുമായ ചെന്നൈ തന്നെയാണ് ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും succesfull ടീമും.. ഒരിക്കല്‍ നായക സ്ഥാനം ജഡേജയ്ക്ക് കൈമാറിയെങ്കിലും ടൂര്‍ണമെന്റിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് തല വീണ്ടും നായകനായി. ഇത്തവണ വലിയ ട്വിസ്റ്റുണ്ട്. ചെന്നൈയുടെ നായക സ്ഥാനത്ത് ഇനി തലയില്ല, പകരം ഋതുരാജ് ഗെയ്ക്വാദ് പുതിയ നായകനാകും. ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനം. അവസാന സീസണില്‍ ധോണി നായകനായി കളി മതിയാകും എന്ന ആരാധകരുടെ സ്വപ്നം തകര്‍ന്ന നിമിഷം.

ഐപിഎല്ലിന്റെ 17-ാം സീസണിനുള്ള അവസാന ഒരുക്കത്തിലാണ് ധോണി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നീളന്‍ മുടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നുവന്ന ധോണി വീണ്ടും തന്റെ ആ പഴയ വിന്റേജ് ലുക്കില്‍ ചെന്നൈയ്‌ക്കൊപ്പം എത്തിയിരിക്കുകയാണ്. മഹിയുടെ അവസാന സീസണായിരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ട്. സമീപവര്‍ഷങ്ങളിലും ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. അതിനെല്ലാം മറിപടി നല്‍കി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ധോണി കഴിഞ്ഞ സീസണില്‍ ചെന്നൈയെ കിരീടത്തിലും എത്തിച്ചു.

Read Also : ഇതായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട്- ലണ്ടനിൽ നിന്നും കൊൽക്കത്തയിലേക്ക് !

ഇനിയും എത്ര സീസണുകള്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായമണിഞ്ഞ് ധോണി മൈതാനത്തിറങ്ങുമെന്ന് ആര്‍ക്കും നിശ്ചയമില്ല. അവസാന സീസണ്‍ ആയിരിക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം കൃത്യമായി മറുപടികളാണ് ധോണി നല്‍കിയിരുന്നത്. ഇനിയും കമന്റേറ്ററ്റര്‍മാര്‍ ആ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ധോണിയുടെ ഉത്തരം എന്തായിരിക്കും.. Deffenitly not എന്ന് ധോണി വീണ്ടും പറയുമോ..?

Story highlights : Dhoni steps down as CSK captain