ഇതായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട്- ലണ്ടനിൽ നിന്നും കൊൽക്കത്തയിലേക്ക് !

March 22, 2024

പത്തിലധികം രാജ്യങ്ങൾ കടന്ന് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് ഒരു ബസ് സർവീസ്..സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല, അല്ലെ? ഗാതാഗത സൗകര്യങ്ങൾ ഏറ്റവും വേഗതയിൽ പുരോഗമിക്കുമ്പോൾ ഈ ചിന്ത ഒരു തമാശയാകാം. പക്ഷെ വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു സർവീസ് നിലവിലുണ്ടായിരുന്നു.

1957 ലായിരുന്നു ഈ സർവീസ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും ആരംഭിച്ച് ഒട്ടേറെ രാജ്യങ്ങൾ കടന്ന് പാകിസ്താൻ വഴി ഇന്ത്യയിലെ കൊൽക്കത്തയിൽ എത്തും. കൊൽക്കത്ത ബസ്-ഓ-പീഡിയ എന്ന ഫേസ്ബുക്ക് പേജ് പറയുന്നതനുസരിച്ച് 1957 ഏപ്രിൽ 15നാണ് ബസ് ആദ്യ യാത്ര ഇന്ത്യയിലേക്ക് തിരിച്ചത്. ജൂൺ അഞ്ചിനാണ് യാത്ര കൊൽക്കത്തയിൽ അവസാനിച്ചത്. ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴിയാണ് ബസ് ഇന്ത്യയിൽ എത്തിച്ചേർന്നത്.

ഒരു വിനോദ യാത്ര എന്ന നിലക്കാണ് ഈ ബസ് സഞ്ചരിച്ചിരുന്നത്. കാരണം ഇത്രയധികം ദിവസങ്ങൾ യാത്ര ചെയ്യേണ്ടതുണ്ട്. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലുമൊക്കെ യാത്രികർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും കാബൂൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗ് നടത്താനും അനുവദിച്ചിരുന്നു.

ആൽബർട്ട് ബസിൽ ഒരു യാത്ര നടത്തുമ്പോൾ, ഒരാൾക്ക് അതിൻ്റെ ആഡംബരങ്ങൾ ആസ്വദിക്കാനും സാധിക്കുമായിരുന്നു. ബസിൻ്റെ താഴത്തെ ഡെക്കിൽ റീഡിംഗ് ആൻഡ് ഡൈനിംഗ് ലോഞ്ചും മുകളിലെ ഡെക്കിൽ ഫോർവേഡ് ഒബ്സർവേഷൻ ലോഞ്ചും ഉണ്ടായിരുന്നു. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയും ഉണ്ടായിരുന്നു. പാർട്ടികൾക്കായി റേഡിയോ, ടേപ്പ് സംഗീതം എന്നിവ ഒരുക്കിയിരുന്നു.

അന്ന് 85 പൗണ്ട് സ്റ്റെർലിങ് അതായത് 8,019 രൂപയാണ് യാത്ര ചിലവായിരുന്നത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെട്ട ബസായിരുന്നു ഇത്. ബസിനുള്ളിൽ ചിലവഴിക്കാനും ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഈ തുകയിൽ ഭക്ഷണവും ഉൾപ്പെട്ടിരുന്നു.

Read also: ‘എന്റെ തല കടുവയുടെ വായിലായിരുന്നു’; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ ഓർത്ത് അങ്കിത്

1976 വരെ കൊൽക്കത്തയ്ക്കും ഇംഗ്ലണ്ടിനുമിടയിൽ 15 പര്യടനങ്ങളും ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കുമിടയിൽ നാല് പര്യടനങ്ങളും ആൽബർട്ട് ബസ് പൂർത്തിയാക്കിയിട്ടുണ്ട്. 150 ഓളം അതിർത്തികൾ അധികം സൂക്ഷ്മപരിശോധനകളില്ലാതെ കടന്ന് അത് സഞ്ചരിച്ച എല്ലാ രാജ്യങ്ങളിലും ‘സൗഹൃദ അംബാസഡർ’ എന്ന ടാഗ് നേടിയിരുന്നു. ചരിത്രത്തിൻ്റെ താളുകളിൽ ഒളിഞ്ഞിരിക്കുന്ന കൗതുകകരമായ കഥകളിലൊന്നാണ് ഈ ബസിന്റെതും.

Story highlights- Worlds Longest Bus Route From Kolkata To London