‘എന്റെ തല കടുവയുടെ വായിലായിരുന്നു’; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ ഓർത്ത് അങ്കിത്

March 17, 2024

മനുഷ്യജീവന് അപകടത്തിലാക്കുന്ന തരത്തിലാണ് ഇപ്പോള്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്നത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഏറെ പഴക്കമുണ്ടെങ്കിലും സമീപകാലത്ത് ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലും നിരവധി മനുഷ്യജീവനകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ടമായിട്ടുള്ളത്. അത്തരം ആക്രമണങ്ങളില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ കഥകളും ദിനംപ്രതി നാം കേള്‍ക്കാറുണ്ട്. ( Ankit’s miraculous escape in tiger attack )

ഉത്തരാഖണ്ഡിലെ റാംനഗര്‍ സ്വദേശിയായ ഒരു പതിനേഴുകാരന്‍ മരണമുഖത്ത് ജീവിതം തിരികെ പിടിച്ചത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കടുവയുടെ ആക്രമണത്തില്‍ നിന്നാണ് അങ്കിതിന് പുതുജീവന്‍ ലഭിച്ചത്. 2023 നവംബര്‍ രണ്ടിന് സ്‌കൂളില്‍ നിന്നും തിരികെ വരും വഴിയാണ് അങ്കിത് കടുവയുടെ ആക്രമണത്തിന് ഇരയായത്. വഴിയരികിലെ മരത്തിന്റെ മറവില്‍ പതിയിരുന്ന കടുവ അങ്കിതിന്റെ നേരെ ചാടിവീഴുകയായിരുന്നു. പിന്നീട്, കടുവ അവന്റെ കഴുത്തിലും തലയിലും കടിച്ചു വലിച്ചു. അങ്കിതിന്റെ തല കടുവയുടെ വായിലായിരുന്നു. അവന്‍ കടുവയുടെ നാവില്‍ പിടിച്ചുവലിച്ചാണ് സ്വന്തം ജീവന്‍ രക്ഷിച്ചത്.

‘ഞാന്‍ സ്‌കൂളില്‍ നിന്നും മടങ്ങുന്ന സമയത്ത് റോഡില്‍ ഒരു കടുവ ഉണ്ടായിരുന്നു, അത് പിന്നില്‍ നിന്നും ആക്രമിച്ച കാട്ടിലേക്ക് വലിച്ചിഴച്ചു. ഈ ആക്രമണത്തില്‍ എനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അത് എന്റെ തലയില്‍ കടിച്ചുപിടിച്ചിരുന്നു. പക്ഷേ, ഞാന്‍ അതിന്റെ നാവ് പിടിച്ചു വലിച്ചതോടെയാണ് തനിക്ക് രക്ഷപ്പെടാനായതെന്നും അങ്കിത് കൂട്ടിച്ചേര്‍ത്തു.

കടുവയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട അങ്കിതിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ ഒരു ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവന്റെ പരിക്കുകള്‍ കണ്ടപ്പോള്‍ അവന്‍ എങ്ങനെ കടുവയുടെ വായില്‍ നിന്നും രക്ഷപ്പെട്ടു എന്നത് അവരെയെല്ലാം അമ്പരപ്പിച്ച കാര്യമാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

Read Also: പരിസ്ഥിതിക്കായുള്ള ജീവിത യാത്ര; ബ്രജേഷ് ശര്‍മ സൈക്കിളിൽ പിന്നിട്ടത് 12 സംസ്ഥാനങ്ങൾ, നാൽപതിനായിരം കിലോമീറ്ററുകൾ

ആക്രമണത്തില്‍ അവന് ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. തലയോട്ടില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആഷിഷ് ധിംഗ്രയുടെയും അനസ്തേഷ്യോളജിസ്റ്റ് ഡോ. യോഗിത പിതാലെയുടെയും പരിചരണത്തില്‍, അങ്കിത് ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story highlights : Ankit’s miraculous escape in tiger attack