അരനൂറ്റാണ്ട് പിന്നിട്ട സൗഹൃദം; വൈറലായി ഭാമയുടെയും കാമാച്ചിയുടെയും ഹൃദയസ്പർശിയായ കഥ

April 27, 2024

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതുല്ല്യമായ സ്‌നേഹത്തിന്റെ നിരവധി കഥകള്‍ സോഷ്യല്‍ മീഡിയകളില്‍ മറ്റു മാധ്യമങ്ങളിലുമായി നാം ഇടക്കിടെ കാണാറുണ്ട്. എന്നാല്‍ രണ്ട് ആനകളുടെ അത്യപൂര്‍വ സൗഹൃദമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ നിറയുന്നത്. തമിഴ്നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആന ക്യാമ്പിലെ രണ്ട് ആനകളുടെ സൗഹൃദത്തിന്റെ കഥ. തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം – വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ( Heartfelt Story Of Elephants Bhama And Kamatchi )

ഇതോടെയാണ് ഭാമയുടെയും കാമാച്ചിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മനുഷ്യരെപ്പോലെ ആനകളും സൗഹൃദത്തിന്റെ സ്നേഹബന്ധം പങ്കിടുന്നുവെന്ന് നമ്മളില്‍ പലര്‍ക്കും അറിയുന്ന കാര്യമല്ല. കഴിഞ്ഞ 55 വര്‍ഷമായി തമിഴ്നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആന ക്യാമ്പില്‍ ഉറ്റസുഹൃത്തുക്കളായിരുന്ന ഭാമ (75), കാമാച്ചി (65) എന്നിവരുടെ സൗഹൃദത്തിന്റെ യഥാര്‍ഥ കഥയാണിത്. ഇരുവരും ധീരരും വിശ്വസ്തരുമായ ആനകളാണ്. ഈ ആനകളുടെ ദൃശ്യം പങ്കുവച്ചുകൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇരുവരുടെയും ചില വീര കഥകളും അവര്‍ പങ്കുവച്ചിട്ടുണ്ട്. ഒരിക്കല്‍ ഭാമയുടെ പാപ്പാനായ തിരു ഗോപന്‍ അവളെ കാട്ടില്‍ മേയാന്‍ കൊണ്ടുപോയ സമയത്ത് പുള്ളിപ്പുലി ആക്രമണമുണ്ടായി. ഭാമ ഒറ്റയ്ക്ക് പുലിയെ ഓടിച്ചിട്ട് തന്റെ പാപ്പാന്റെ ജീവന്‍ രക്ഷിച്ചു. ഒരിക്കല്‍ കാമാച്ചിയെ ഒരു കൊമ്പന്‍ ആക്രമിച്ചു, അവളുടെ മുറിവ് ഉണങ്ങാന്‍ വര്‍ഷങ്ങളെടുത്തു, പക്ഷേ അവള്‍ അതിനെയെല്ലാം ധൈര്യപ്പെടുത്തി. ക്യാമ്പില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഭാമയും കാമാച്ചിയും അടുത്തടുത്ത് നില്‍ക്കുന്നു. അവര്‍ കരിമ്പ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ ഒരാള്‍ക്ക് മാത്രം കരിമ്പ് കൊടുക്കാമെന്ന് കരുതിയാല്‍ നടക്കില്ല. അത് എപ്പോഴും രണ്ട് പേര്‍ക്കും നല്‍കണം.’സുപ്രിയ എഴുതി.

Read Also : 60-ാം വയസിൽ സുന്ദരിപ്പട്ടം; ചരിത്രമായി അലെഹാന്ദ്ര!

ആന ക്യാമ്പിലെ ജോലിക്കാരെ അഭിനന്ദിക്കാനും സുപ്രിയ സാഹോ മറന്നില്ല. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്യാമ്പില്‍ രണ്ട് ആനക്കുട്ടികള്‍ ഉള്‍പ്പെടെ 27 ആനകളെ പരിചരിക്കാന്‍ ശാസ്ത്രീയ മാനേജ്‌മെന്റ് ആവശ്യമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും തമിഴ്‌നാട് വനം വകുപ്പ് ചെയ്യുന്നുണ്ട്. നിരവധി പേര്‍ ഇരുവരുടെയും സൗഹൃദത്തെ അഭിനന്ദിച്ച് കൊണ്ട് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തിയത്.

Story highlights : Heartfelt Story Of Elephants Bhama And Kamatchi