‘വലുതാകുമ്പോൾ ടൊവീനോയെപ്പോലെയാകണം’ അവിചാരിതമായി തീവണ്ടി കയറിയ കഥ പറഞ്ഞ് കൊച്ചുകലാകാരൻ…

September 13, 2018

തിയേറ്ററുകളിൽ ഓടിപ്പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിയുടെ വിശേങ്ങളാണ് ഇപ്പോൾ മലയാളികളുടെ ഇടയിലെ ചൂടുള്ള ചർച്ചാവിഷയം. അവിചാരിതമായി തീവണ്ടി എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള വിശേഷങ്ങളുമായി എത്തുകയാണ് അസ്ലാം എന്ന ഒന്നാം ക്‌ളാസുകാരൻ.  ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ ചിത്രത്തിൽ ടോവിനോയുടെ സഹോദരിയുടെ പുത്രനായാണ് അസ്ലാം വേഷമിടുന്നത്.

കോഴിക്കോട് ഈസ്റ്റ് ഹിൽ ശ്രെയസിലെ അസ്ലാം കരീമാണ് അപ്രതീക്ഷിതമായി വന്നുചേർന്ന താരപദവിയിൽ സന്തോഷവാനായി ഇരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചെങ്കിലും ടൊവിനൊയും ഒത്തുള്ള നിമിഷങ്ങളാണ് അസ്ലമിന് ഏറ്റവും പ്രിയപ്പെട്ടത്. ടൊവിനോയ്ക്കൊപ്പം ബൈക്കിൽ പോയതും, തന്റെ പിറന്നാൾ ടോവിനോയ്ക്കൊപ്പം സിനിമ സെറ്റിൽ ചിലവഴിച്ചതുമെല്ലാം ഏറെ കൗതുകത്തോടെയാണ് കുട്ടിത്താരം ഓർത്തെടുക്കുന്നത്. കോഴിക്കോട് സിൽവർ സ്‌കിൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അസ്ലാം വലുതാകുമ്പോൾ ടോവിനോയെപ്പോലെ ആകണമെന്നുള്ള ആഗ്രഹവുമായാണ് ഇപ്പോൾ നടക്കുന്നത്.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.