പഴയ ഉത്തരക്കടലാസുകളുടെ വിശേഷങ്ങള്‍ രസകരമായി പങ്കുവെച്ച് സുരഭി ലക്ഷ്മി; വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നടി സുരഭി ലക്ഷ്മിയുടെ ഉത്തരക്കടലാസുകള്‍. വീട് വൃത്തിയക്കുന്നതിനിടയില്‍ കിട്ടിയ പഴയ ഉത്തരക്കടലാസിന്റെ വിശേഷങ്ങള്‍ സുരഭി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഈ ഉത്തരക്കടലാസിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.

കണക്ക്, ഇംഗ്ലീഷ്, ബയോളജി, ഹിന്ദി, ജ്യോഗ്രഫി, മലയാളം തുടങ്ങി എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകളുണ്ട് സുരഭിയുടെ കൈയില്‍. ഓരോ വിഷയത്തിനും തനിക്ക് ലഭിച്ച മാര്‍ക്കും രസകരമായി താരം വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. കണക്കിന് താന്‍ കഷ്ടിച്ചാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ജയിച്ചതെന്നും സുരഭി പങ്കുവെച്ചു. ഓരോ ഉത്തരക്കടലാസിലും എഴുതിയ ഉത്തരങ്ങള്‍ സുരഭി തന്നെ രസകരമായി വായിക്കുന്നുണ്ട്. ഹിന്ദിയില്‍ തനിക്ക് ലഭിച്ച മാര്‍ക്ക് കണ്ട് താന്‍ ഹിന്ദിയില്‍ അത്ര പിറകിലല്ലെന്നും താരം പറയുന്നുണ്ട്.

നിരവധി പേരാണ് സുരഭിയുടെ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. വര്‍ഷങ്ങല്‍ പഴക്കമുള്ള ഉത്തരക്കടലാസ് ലൂക്ഷിച്ചുവെച്ചതിനെ അഭിനന്ദിക്കുന്നുണ്ട് കുറേയേറെപ്പേര്‍. മാര്‍ക്കുകള്‍ സത്യസന്ധമായി വെളിപ്പെടുത്താന്‍ കാണിച്ച ധൈര്യത്തെയും ചിലര്‍ അഭിനന്ദിച്ചു. സുരഭി ഒരു ആവറേജ് സ്റ്റുഡന്റ് ആയതുകൊണ്ടാണ് മലയാള സിനിമയ്ക്ക് മികച്ച ഒരു നടിയെ കിട്ടിയതെന്നും അല്ലെങ്കില്‍ എഞ്ചിനിയറോ ഡോക്ടറോ ആയിപ്പോയേനെയെന്നും ചിലര്‍ കമന്റ് ചെയ്തു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സുരഭിയുടെ ഉത്തരക്കടലാസുകള്‍.