ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്ച; അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഉപഭോക്താക്കൾ

October 3, 2018

ലോകത്തിലെ സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിന് ഉണ്ടായ കനത്ത സുരക്ഷാ വീഴ്ചയിൽ  അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ച് ഉപഭോക്താക്കൾ. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇപ്പോൾ ഫേസ്ബുക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്.  ഏകദേശം ഒൻപത് കോടിയോളം ആളുകളുടെ അക്കൗണ്ടുകൾ ലോഗൗട്ടായി. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിൽ നിന്നുമായി ഏകദേശം അഞ്ചുകോടിയോളം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തി. സുരക്ഷയുടെ ഭാഗമായി നാല് കോടിയോളം അക്കൗണ്ടുകൾ ഫേസ്ബുക്ക് അധികൃതർ തന്നെ ലോഗൗട്ട് ചെയ്തു.

ഫേസ്ബുക്ക് സോഫ്റ്റ് വെയറിന്റെ തകരാർ മുൻനിർത്തി ഹാക്കർമാർ  അഞ്ച് കോടിയോളം ആളുകളുടെ അക്കൗണ്ടിൽ കയറി. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ചയിലൂടെ സ്പെഷ്യൽ കീ ഡിജിറ്റൽ വിവിരങ്ങൾ ഹാക്കർമാർ ചോർത്തി. സാധാരണ ഉൽപഭോക്താവിന് ചെയ്യാൻ കഴിയുന്നതെല്ലാം ഹാക്കർമാർക്കും ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ആപ്പുകളും ഉപയോഗിക്കാന്‍ ഹാക്കര്‍മാര്‍ക്കായി. പ്രശ്‌നം അവസാനിച്ചെന്ന് ഫേസ്ബുക്ക് പറയുന്നുണ്ടെങ്കിലും ഇതിന് പിന്നിൽ ആരാണെന്നോ എവിടെ നിന്നാണ് അവർ ഹാക്ക് ചെയ്യുന്നതെന്നോ അറിയില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

അതേസമയം ഹാക്കിങ്ങിന് ഇരയായ എല്ലാ ഉപഭോക്താക്കളോടും ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ് വേർഡ് മാറ്റാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഫേസ്ബുക്കിൽ ഉണ്ടായ സുരക്ഷാ വീഴ്ചകൾ മുൻ നിർത്തി നിരവധി ആളുകളാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുന്നത്.