150 പിന്നിട്ട് ഇന്ത്യയുടെ സ്‌കോര്‍; കോഹ്‌ലിക്കും റായിഡുവിനും അര്‍ധ സെഞ്ചുറി

October 24, 2018

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 150 പിന്നിട്ടു. 29 ഓവറിലാണ് ഇന്ത്യ 153 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അമ്പാടി റായിഡുവും അര്‍ധ സെഞ്ചുറികളും നേടി. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഇന്ത്യയുടെ പ്രകടനം മികച്ചുനില്‍ക്കുന്നു.

രണ്ട് വിക്കറ്റാണ് ഇതുവരെ ഇന്ത്യയ്ക്ക് നഷ്ടമായത്. എട്ട് പന്തില്‍ നാല് റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ പതിനഞ്ചില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ എല്‍ബിഡബ്യൂവില്‍ ഓപ്പണറായ ശിഖര്‍ ധവാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോര്‍ നാല്‍പതില്‍ എത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ഖലീല്‍ അഹമ്മദ് റണ്ടാം ഏകദിനത്തില്‍ പുറത്തിരിക്കും. പകരം കുല്‍ദീപ് യാദവാണ് പോരാട്ടത്തിനിറങ്ങുക.

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങള്‍ രണ്ടാം ഏകദിനത്തിലും പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം. വെസ്റ്റ്ഇന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ വെച്ചുനടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. വെസ്റ്റ് ഇന്‍ഡിസ് അടിച്ചെടുത്ത 322 റണ്‍സ് ഇന്ത്യ മറികടന്നു. 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ ലക്ഷ്യം കണ്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ആദ്യ ഏകദിനത്തില്‍ സെഞ്ചുറിയും നേടി. കോഹ്‌ലി കരിയറിലെ 36ാമത്തേയും രോഹിത് കരിയറിലെ 20ാമത്തെയും സെഞ്ചുറിയാണ് കുറിച്ചത്.