ആനയ്‌ക്കൊരു താരാട്ട് പാട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒരു ആനയെ താരാട്ടു പാട്ടു പാടി ഉറക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിലെ ‘അല്ലിയിളം പൂവോ…’ എന്നു തുടങ്ങുന്ന ഗാനമാണ് ആനയ്ക്കുവേണ്ടി പാപ്പാന്‍ പാടുന്നത്. മനോഹരമായ താരാട്ടുപാട്ടില്‍ ലയിച്ച് ശാന്തനായിക്കിടക്കുന്ന ആനയെയും വീഡിയോയില്‍ കാണാം.

നിരവധി പേരാണ് പാപ്പാന്റെ മനോഹരമായ താരട്ടുപാട്ടില്‍ ലയിച്ചുകിടക്കുന്ന ആനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. പാട്ടിന്റെ ആരംഭത്തില്‍ ഇയാള്‍ ആനയുടെ സമീപത്തണെങ്കിലും താരാട്ട് പാട്ട് അവസാനിക്കുമ്പോള്‍ ആനയുടെ മുഖത്തോട് തല ചായ്ച്ചാണ് ഇയാള്‍ പാടുന്നത്.

എന്നാല്‍ ഈ ആനയും പാട്ടുകാരനും എവിടെയുള്ളവരാണെന്നോ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു താരാട്ട് പാട്ട് പാടാനിടയായതെന്നോ വ്യക്തമല്ല. എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിക്കുകയാണ് ഈ ആനയ്ക്കും പാട്ടുകാരനും.