ലാലേട്ടന്‌ ഒപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് നൃത്തം ചെയ്തു; കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി നിവിന്‍ പോളി: വീഡിയോ കാണാം

പ്രേക്ഷകര്‍ ഒന്നാകെ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഒന്നിച്ചഭിനയിക്കാന്‍ സാധിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിവിന്‍ പോളി.

മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാകുന്നു എന്ന് കേട്ടപ്പോള്‍തന്നെ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ലാലേട്ടന്റെ സമ്മതംകിട്ടിയപ്പോള്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും താനും ചേര്‍ന്ന് നൃത്തം ചെയ്തുപോയെന്നും നിവിന്‍ പോളി പറഞ്ഞു. മോഹന്‍ലാലിനൊപ്പം തനിക്ക് അഭിനയിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും നിവിന്‍ വ്യക്തമാക്കി.

ഷൂട്ടിങ് സമയത്ത് ലാലേട്ടന്‍ ഇത്തിക്കര പക്കിയുടെ വേഷമിട്ട് സെറ്റിലേക്ക് ഇറങ്ങിവരുമ്പോള്‍ കംപ്ലീറ്റ് സെറ്റുമുഴുവന്‍ ലാലേട്ടനെത്തന്നെ നോക്കിയിരുന്നെന്നും നിവിന്‍ പറഞ്ഞു. ലാലേട്ടനൊപ്പമുള്ള ആദ്യ ഷോട്ട് അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തന്നെ സംവിധായകനോട് ഇത്രയും വലിയൊരു ഭാഗ്യം സമ്മാനിച്ചതിന് നന്ദിയും പറഞ്ഞുവെന്ന് നിവിന്‍ കൂട്ടിച്ചേര്‍ത്തു.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായാണ് നിവിന്‍ എത്തുന്നത്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.