പ്രേക്ഷകരെ ഞെട്ടിച്ച ‘രാക്ഷസ’നിലെ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന്റെ യഥാര്‍ത്ഥ മുഖം ഇതാ

പ്രേക്ഷകരെ ഞെട്ടിച്ച ‘രാക്ഷസന്‍’ എന്ന തമിഴ് ചിത്രത്തിലെ വില്ലന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമ റിലീസ് ചെയ്ത് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വില്ലന്റെ മുഖം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

ക്രൂരനായ വില്ലനെ അവതരിപ്പിച്ച നടന്‍ ആരാണെന്നുള്ള സംശയങ്ങള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിലും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഒരു പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിച്ചുകൊണ്ടാണ് ‘രാക്ഷസന്‍’ ടീം ക്രിസ്റ്റഫര്‍ എന്ന വില്ലന്റെ യഥാര്‍ത്ഥ മുഖം പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തിയത്.

ശരവണന്‍ എന്ന നടനാണ് വെള്ളിത്തിരയില്‍ വില്ലന്‍ ക്രിസ്റ്റഫറിനെ അവിസ്മരണീയമാക്കിയത്. തമിഴകത്ത് ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരമായിരുന്നു ശരവണന്‍. ‘നാന്‍’, ‘മൗനഗുരു’ തുടങ്ങിയ സിനിമകളില്‍ ചെറിയ റോളില്‍ ശരവണന്‍ അഭിനയിച്ചിരുന്നു. നിരവധി തവണ ഒഡീഷന്‍ ചെയ്ത ശേഷമാണ് സംവിധായകന്‍ ശരവണനെ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിനായി തിരഞ്ഞെടുക്കുന്നത്. ശരവണന്‍ തന്നെയാണ് ചിത്രത്തില്‍ വില്ലന്റെ അമ്മയായും അഭിനയിച്ചത്.

റാംകുമാറാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.