‘ഒരിക്കൽ മുഖ്യമന്ത്രി ആയാലോ’? തമിഴകം കാത്തിരുന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിജയ്

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് സർക്കാർ. സംവിധായകൻ ഏ ആർ മുരുകദോസ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ദളപതി വിജയ് യുടെ  ജീവിതത്തിലെ 62 മത്തെ ചിത്രമാണ്. സർക്കാർ സിനിമയുടെ ഓഡിയോ ലോഞ്ചിങിനിടയിലെ വിജയുടെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമൊപ്പം ആയിരക്കണക്കിന് ആളുകൾ എത്തിയ പരിപാടിക്കിടെ വിജയ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിൽ വിജയ് മുഖ്യമന്ത്രിയായാണ് അഭിനയിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു. എന്നാൽ താൻ മുഖ്യമന്ത്രി ആയല്ല ചിത്രത്തിൽ എത്തുന്നതെന്ന് താരം വ്യക്തമാക്കി. ഒരിക്കൽ താങ്കൾ മുഖ്യന്ത്രി ആയാൽ എന്തുചെയ്യും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയായാൽ താൻ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിന് തികഞ്ഞ കയ്യടിയാണ് വേദിയിൽ നിന്നും ലഭിച്ചത്. മുഖ്യമന്ത്രി ആയാൽ താങ്കൾ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച ആരാധകനോട് അത് അഴിമതി ആണെന്നും, അഴിമതി മാറ്റുന്നത് അത്ര എളുപ്പമല്ല എന്നും, കാരണം അത് മുഴുവൻ പകർച്ചവ്യാധിപോലെ വ്യാപിച്ചിരിക്കുകയാണെന്നും പക്ഷെ അഴിമതി തീരണമെന്നും വിജയ് പറഞ്ഞു.

‘സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്‌യും കീർത്തി  സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ‘സിംതാങ്കരന്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ എഴുപത്തിമുന്നു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ഏ ആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിവേകിന്റേതാണ് വരികള്‍. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ദീപാവലിയോടനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തും.