‘അത് എന്റെ നമ്പറല്ല, എന്റെ നമ്പർ അങ്ങനെയല്ല’; വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് വിനീത് ശ്രീനിവാസൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രിയ താരങ്ങളുടെ നമ്പറുകൾ കിട്ടിയാൽ നിർത്താതെ വിളിക്കുന്നവരാണ് മിക്ക ആരാധകരും. അത്തരത്തിൽ വിനീതിന്റെ നമ്പറാണെന്നു കരുതി നിർത്താതെ വിളിക്കുന്ന ആരാധകരെക്കൊണ്ട് പണികിട്ടിയിരിക്കുകയാണ് ചെർപ്പുള്ള സ്വദേശി വിഷ്ണു എന്ന ചെറുപ്പക്കാരന്.

വിനീത് പണ്ട് ഉപയോഗിച്ചിരുന്ന നമ്പറാണ് ഇപ്പോൾ വിഷ്ണു ഉപയോഗിക്കുന്നത്. അതാണ് ഇത്തരത്തിൽ ആശയക്കുഴപ്പത്തിന് കാരണമായത്. വിനീതിനെ അന്വേഷിച്ച് ദിവസേന കോളുകൾ വരാൻ തുടങ്ങിയതോടെ തന്റെ അവസ്ഥ വിഷ്ണു ഒരു സിനിമ പ്രവർത്തകരുടെ ഗ്രൂപ്പിൽ പങ്കുവെച്ചു. പലരിൽ നിന്നുമായി ഈ മെസ്സേജ് വിനീതിന് ലഭിച്ചതോടെയാണ് വെളിപ്പെടുത്തലുമായി വിനീത് എത്തിയത്.

‘പല സുഹൃത്തുക്കളും വഴിയായി എനിക്ക് ലഭിച്ച മെസേജുകൾ പ്രകാരം വിഷ്ണു പ്രസാദ് എന്ന യുവാവിന് എന്നെ അന്വേഷിച്ച് നിരവധി കോളുകൾ വരുന്നതായി അറിഞ്ഞു. വിഷ്ണു ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വർഷങ്ങൾക്ക് മുമ്പ്  ഞാൻ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ആ നമ്പർ ഞാൻ ഉപയോഗിക്കുന്നില്ല. വിഷ്ണുവിന് ബുദ്ധിമുട്ട് ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു .

ഈ സാഹചര്യത്തിൽ മറ്റൊരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുകയാണ് വിനീത് ശ്രീ എന്ന പേരിൽ ട്വിറ്ററിൽ കാണുന്ന അക്കൗണ്ട് എന്റേതല്ല. ഞാൻ ട്വിറ്റർ ഉപയോഗിക്കുന്നില്ല’. വിനീത് വ്യക്തമാക്കി.