യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായി ’96’ ലെ ഗാനം; പത്ത് ദിവസംകൊണ്ട് വീഡിയോ കണ്ടവര്‍ 20 ലക്ഷത്തിലും അധികം

November 10, 2018

പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ‘കാതലേ… കാതലേ…’ എന്നു തുടങ്ങുന്ന ഗാനത്തെ നേരത്തെതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് ഗാനത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ യുട്യൂബില്‍ റിലീസ് ചെയ്തത്. പത്ത് ദിവസങ്ങള്‍ക്കൊണ്ട് ഇരുപത് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ ഗാനം കണ്ടുകഴിഞ്ഞു.

തമിഴ്‌നാടിനൊപ്പം കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിലെ വലിയ ജനപ്രീതിയാര്‍ജിച്ച ഗാനമാണ് ‘കാതലെ… കാതലെ…’ തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍. ചിന്മയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ നാലിനാണ് ‘96‘ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയുംവിജയ് സേതുപതിചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.