ഐശ്വര്യ റായ്ക്ക് സര്‍പ്രൈസ് ഒരുക്കി മകള്‍ ആരാധ്യ

സിനിമാതാരങ്ങളെപ്പോലെതന്നെ അവരുടെ മക്കളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ആരാധ്യ തന്റെ പ്രീയപ്പെട്ട അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസിന് നിറഞ്ഞുകൈയടിക്കുന്നുണ്ട് ആരാധകര്‍.

ഐശ്വര്യ റായ് തന്നെയാണ് മകള്‍ ഒരുക്കിയ സര്‍പ്രൈസിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും. ‘ലോകത്തിലെ ഏറ്റവും മികച്ച അമ്മ’ എന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കിരീടമാണ് ആരാധ്യ അമ്മയ്ക്കായി സമ്മാനിച്ചത്. മുത്തുകളും ചിത്രപ്പണികളുംകൊണ്ട് ഈ കിരീടം കുട്ടിത്താരം അലങ്കരിച്ചിട്ടുമുണ്ട്.

‘എന്റെ ലോകം എനിക്കായ് ഒരുക്കിയ സര്‍പ്രൈസ്’ എന്ന കുറിപ്പോടെയാണ് ഐശ്വര്യ റായ് മകള്‍ സമ്മാനിച്ച കിരീടത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും. ഒപ്പം ആരാധ്യയ്ക്ക് നന്ദിയും കുറിച്ചു ഐശ്വര്യ. ഐശ്വര്യ ഏറ്റവും മികച്ച അമ്മയാണെന്ന് മുമ്പ് അഭിഷേക് ബച്ചനും പറഞ്ഞിട്ടുണ്ട്. എന്തായാലും ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യയുടെ സര്‍പ്രൈസ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.