പ്രൊഫസ്സർ ഡിങ്കനാകാൻ തയാറായി ദിലീപ്; ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക്

പുതിയ ചിത്രത്തിൽ പ്രൊഫസ്സർ ഡിങ്കനാകാൻ തയാറായി ദിലീപ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ബാങ്കോക്കിലേക്ക് പോകാൻ തയാറാകുകയാണ് താരമിപ്പോൾ. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. റാഫി തിരക്കഥ തയാറാക്കുന്ന ചിതം നിർമിക്കുന്നത് സനൽ തോട്ടമാണ്. ചിത്രത്തിൽ  നമിത പ്രമോദ്, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന താരത്തിന് ഈ മാസം 15 മുതൽ ജനുവരി അഞ്ച് വരെയാണ് വിദേശയാത്രക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് താരത്തിന് ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോകുവാനുള്ള അനുമതി നൽകിയത്.

യാത്രയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പാസ്പോർട്ട് ഹാജരാക്കണമെന്നും, യാത്ര എങ്ങോട്ടാണെന്നും എവിടെ താമസിക്കുന്നുവെന്നും , യാത്രയിൽ ആരൊക്കെ കൂടെയുണ്ടാകുമെന്നും തുടങ്ങി എല്ലാ വിവരങ്ങളും കോടതിയെ  അറിയിക്കണമെന്നും കോടതി ദിലീപിന് നിർദ്ദേശം നൽകി.