ആരാധകര്‍ക്കായി മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന

വെള്ളിത്തിരയില്‍ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് പണ്ടേയ്ക്ക് പണ്ടെ മലയാളികള്‍ ഏറ്റെടുത്തതാണ്. ‘തേന്മാവിന്‍ കൊമ്പത്തും’ ‘മണിച്ചിത്രത്താഴു’മെല്ലാം പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട ആരാധകര്‍ക്കായി മനോഹരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി ശോഭന. മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

ആരാധകര്‍ ആവശ്യപ്പെട്ട ചിത്രം ഇതാ എന്ന കുറിപ്പും ശോഭന ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയായ ക്ലാസ് ഓഫ് 80 ന്റെ ഒത്തുചേരലില്‍ നിരവധി ആരാധകര്‍ മോഹന്‍ലാലിന്റെയും ശോഭനയുടെയും ഒരുമിച്ചുള്ള ചിത്രം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ആരാദകര്‍ക്കായി സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള ചിത്രം ശോഭന ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

നിരവധി ആരാധകര്‍ മോഹന്‍ലാലിനൊപ്പമുള്ള ശോഭനയുടെ ചിത്രം ഏറ്റെടുത്തു. കമന്റുകളിലൂടെ ഇരുവരുടെയും പഴയകാല സൂപ്പര്‍ഹിറ്റുകളെയും ഓര്‍ത്തെടുക്കുന്നുണ്ട് പലരും. നടി സുഹാസിനിയുടെ നേതൃത്വത്തിലാണ് ക്ലാസ് ഓഫ് 80 എന്ന സൗഹൃദ കൂട്ടായ്മ രൂപം കൊണ്ടത്.