‘അധികം ആലോചിക്കാതെ ആ ചോദ്യത്തിന് മറുപടി നല്കാൻ സാധിച്ചു’; പ്രണയവും വിവാഹവും ഓർത്തെടുത്ത് താരദമ്പതികൾ…

തമിഴകത്തും  മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ആരാധകരുടെ ഇഷ്ട  ജോഡികളായ ഇരുവരുടെയും വിവാഹവും പ്രണയവുമെല്ലാം ആരാധകർക്ക് വളരെ ആഘോഷമായിരുന്നു . വിവാഹം കഴിഞ്ഞും സിനിമയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന ഇരുവരുടെയും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികൾ.

സൂര്യയാണ് ആദ്യം പ്രണയാഭ്യർതഥന നടത്തിയതെന്നും എന്നാൽ സൂര്യയുടെ ചോദ്യത്തിന് അധികം ആലോചിക്കാതെ തന്നെ തനിക്ക് മറുപടി നല്കാൻ സാധിച്ചെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി ജ്യോതിക. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 2006 സെപ്തംബറിലാണ് ഇരുവരും വിവാഹിതരായത്. ഏഴോളം സിനിമകളിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

വിവാഹമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂർത്തം. ഷൂട്ടിങ്ങിനെക്കാൾ തനിക്ക് പ്രിയപ്പെട്ടത് കുടുംബവുമൊത്തുള്ള മനോഹര നിമിഷങ്ങളാണ്. പത്ത് വർഷത്തോളം സിനിമയിൽ താൻ നിറഞ്ഞു നിന്നിരുന്നു, എന്നാൽ അതിനേക്കാളും തനിക്ക് പ്രിയപ്പെട്ടത് വിവാഹ ശേഷമുള്ള ജീവിതമാണെന്നും ജ്യോതിക വെളിപ്പെടുത്തി.