‘ഒടിയനി’ൽ ഇനി മമ്മൂട്ടി സാന്നിധ്യവും…

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. താരരാജാവ് മോഹൻ ലാലിനൊപ്പം ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്.  ചിത്രത്തിന്റെ നരേഷന്‍ നടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലായിരിക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക വിശദീകരണം ഉണ്ടായിരുന്നില്ല.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Read also: റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യന്റെ ചിത്രങ്ങൾ

ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിചുവരവ് നടത്തിയ മഞ്ജു മോഹൻലാലിനൊപ്പം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ആരാധകർ എന്നും ആകാംഷയോടെ കാണാൻ കൊതിക്കുന്ന താരജോഡികൾ ഒന്നിക്കുന്ന ചിത്രം ഈ മാസം 14 ന് തിയേറ്ററിൽ എത്തും.