മാസ് ലുക്കിൽ നിവിൻ പോളി; ‘മിഖായേലി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു…

ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘മിഖായേലി’നായി കാത്തിരിക്കുകയാണ് ആരാധകർ. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കുമൊക്കെ നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നിവിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജനുവരി 18 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ നിവിന്റെ വില്ലനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിഖായേല്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ. സിനിമയുടെ ഭൂരിഭാഗവും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.