മകള്‍ നക്ഷത്രയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ കിടിലന്‍ ഡാന്‍സ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

വെള്ളിത്തിരയില്‍ ഹാസ്യവും രോക്ഷവുമെല്ലാം നന്നായി കൈകാര്യം ചെയ്യാനറിയുന്ന താരമാണ് ഇന്ദ്രജിത്ത്. സ്വയസിദ്ധ അഭിനയശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരം. എന്നാല്‍ അഭിനയംകൊണ്ടല്ല മനോഹരമായ നൃത്തംകൊണ്ടാണ് ഇപ്പോള്‍ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നത്. മകള്‍ നക്ഷത്രയ്ക്ക് ഒപ്പമാണ് താരത്തിന്റെ കിടിലന്‍ ഡാന്‍സ്.

ഇന്ദ്രജിത്തിന്റെ പാട്ടും ഡാന്‍സുമെല്ലാം മുമ്പും പല തവണ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും പലപ്പോഴും പാട്ടു പാടിയും ഡാന്‍സു ചെയ്തുമെല്ലാം അച്ഛനൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ താരമാകുന്നത് ഇളയ മകള്‍ നക്ഷത്രയാണ്.

കുടുംബത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഡാന്‍സിനു പുറമെ മകള്‍ക്കൊപ്പം വിനോദത്തിലേര്‍പ്പെടുന്ന ഇന്ദ്രജിത്തിനേയും വീഡിയോയില്‍ കാണാം.

Read more:കേസരി’യിലെ അക്ഷയ് കുമാറിന്റെ തലപ്പാവിനുമുണ്ട് ചില പ്രത്യേകതകള്‍

1986- ല്‍ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ഇന്ദ്രജിത്ത് സുകുമാരന്‍റെ അരങ്ങേറ്റം. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍’ എന്ന സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലെത്തി. 2002 ല്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ‘മീശമാധവന്‍’ എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി താരം. മലയാളത്തിനു പുറമെ സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിച്ച ‘റോഡ് ടു ദ് ടോപ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇന്ദ്രജിത്ത് മുഖം കാണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അന്പതില്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അതേസമയം ഇന്ദ്രജിത്തിന്‍റെ സഹോദരനും നടനുമായ പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്  ഇന്ദ്രജിത്ത്. മോഹന്‍ലാലാണ് ലൂസിഫറിലെ നായക കഥാപാത്രം.