മലയാളത്തിൽ ഇനി ഫീൽ ഗുഡ് സിനിമകളുടെ കാലം; ഇന്ദ്രജിത് നായകനാകുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ഒരുങ്ങുന്നു

June 27, 2022

ഹൃദ്യമായ ഒരു സിനിമകളുടെ വരവിനൊരുങ്ങുകയാണ് മലയാള സിനിമ. ത്രില്ലർ, ചരിത്ര സിനിമകളിൽ നിന്നും മാറി ഫീൽ ഗുഡ് സിനിമകൾ നിറയുമ്പോൾ അവയിലേക്ക് ചേർത്തുവയ്ക്കാനായി ഒരു പുത്തൻ ചിത്രം വരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ പേരുപോലെ തന്നെ രസകരമാകുമെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് എത്തിയത്.

ചിത്രീകരണം ആരംഭിച്ച സിനിമയുടെ വിശേഷം നടൻ ഇന്ദ്രജിത്ത് സുകുമാരൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽവഴിയാണ് പങ്കുവെച്ചത്. ‘കള്ളൻ ഡിസൂസ’, ‘കാവൽ’, ‘ദൂരം’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നീ ചിത്രങ്ങളുടെ സെക്കന്റ് യൂണിറ്റ് ഡയറക്ടറായി പ്രവർത്തിച്ച സനൽ ദേവനാണ് ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്.

Read Also: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രാഹകനായി എത്തുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റലി’ന്റെ എഡിറ്റിംഗ് വിഭാഗം മൻസൂർ മുത്തുട്ടിയാണ് നിർവഹിക്കുന്നത്. ഹരിനാരായണൻ ബി കെ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന് പുറമെ നൈല ഉഷ, ബാബുരാജ്, സരയു മോഹൻ, പ്രകാശ് രാജ് തുടങ്ങിയ അഭിനേതാക്കളും ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിൽ’ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അതേസമയം, ഇന്ദ്രജിത് നായകനായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇന്ദ്രജിത്തും അനു സിതാരയും ഒന്നിക്കുന്ന ചിത്രമാണ് അനുരാധ Crime No.59/2019′. സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story highlights- kunjamminees hospital first look poster