‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ ഒന്നാം വിവാഹവാർഷികം’- രസകരമായ ചിത്രവുമായി പൂർണിമ ഇന്ദ്രജിത്ത്

December 12, 2020

മലയാളികളുടെ പ്രിയ താരജോഡിയാണ് ഇന്ദ്രജിത്തും പൂർണിമയും. പരസ്പരം വളരെയധികം പിന്തുണ നൽകുന്ന ഇവർ പതിനെട്ടാം വിവാഹ വാർഷികത്തിലേക്ക് ചുവടുവയ്ക്കുകയാണ്. 2002 ഡിസംബർ 13നായിരുന്നു പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര ആരംഭിച്ചത്. ഇപ്പോഴിതാ, വിവാഹ വാർഷികത്തിന് മുന്നോടിയായി രസകരമായ ഒരു കുറിപ്പും ഒന്നാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

‘എന്റെ ത്രോബാക്ക് ഓർമ്മകൾ..ഒരു കേക്കും, പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും.. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നു’- പൂർണിമയുടെ വാക്കുകൾ. ഒന്നാം വിവാഹ വാർഷികത്തിന് പകർത്തിയ ഏതാനും ചിത്രങ്ങളും പൂർണിമ പങ്കുവയ്ക്കുന്നു.

പതിനേഴാം വിവാഹ വാർഷികത്തിൽ പൂർണിമ പങ്കുവെച്ച കുറിപ്പ് വളരെയധികം ശ്രദ്ധനേടിയിരുന്നു. ‘‘ആ ദിവസമാണ് എന്നോട് ഇന്ദ്രജിത്ത് വിവാഹാഭ്യർത്ഥന നടത്തിയത്. അന്നാണ് ഞങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രമെടുത്തതും. അന്ന് അയാൾക്ക് 20, എനിക്ക് 21ഉം. അന്ന് ഞാൻ ഒരു അഭിനേതാവും അദ്ദേഹം ഒരു വിദ്യാർത്ഥിയുമായിരുന്നു. ആ ദിനം എനിക്ക് വളരെ വ്യക്തമായി തന്നെ ഓർമയുണ്ട്. നമ്മളന്ന് വളരെ ശക്തമായ പ്രണയത്തിലായിരുന്നു. നമ്മുടെ നെഞ്ചിടിപ്പ് വർധിച്ച്, തൊണ്ട വരണ്ടു. മാത്രമല്ല ഈ ചിത്രം പകർത്തിയത് ആരാണെന്നറിയാമോ? അമ്മയാണ് (മല്ലിക സുകുമാരൻ). ഈ ചിത്രമെടുക്കുമ്പോൾ അമ്മയ്ക്ക് ആര്യമായിരുന്നോ ഞങ്ങളുടെ തലയിൽ പുകയുന്നതെന്താണെന്ന്? ഇന്ന് അമ്മയെ അടുത്തറിയുമ്പോൾ അന്ന് ഞങ്ങൾക്കിടയിലുണ്ടായിരുന്നതൊക്കെ അമ്മ മനസിലാക്കിയിരുന്നുവെന്നത് ഉറപ്പാണ്. മൂന്നു വർഷത്തെ പ്രണയകാലം, 17 വർഷത്തെ ദാമ്പത്യം.. വിവാഹ വാർഷിക ആശംസകൾ ഇന്ദ്രാ..’.-പൂർണിമയുടെ വാക്കുകൾ.

Read More: നഷ്ടപ്പെട്ടെന്ന് കരുതിയ ചിത്രം തിരിച്ചുകിട്ടിയ സന്തോഷത്തിൽ സോനം കപൂർ

ഇന്ദ്രജിത്തിനും പൂർണിമയ്ക്കും രണ്ടു മക്കളാണ് ഉള്ളത്. പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന പാട്ടിന്റെ വഴിയേ സിനിമാലോകത്തേക്ക് എത്തിയപ്പോൾ നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്.

Story highlights- Poornima and indrajith’s wedding anniversary