നഷ്ടപ്പെട്ടെന്ന് കരുതിയ ചിത്രം തിരിച്ചുകിട്ടിയ സന്തോഷത്തിൽ സോനം കപൂർ

December 11, 2020

ബോളിവുഡിന്റെ സ്റ്റൈൽ ഐക്കൺ ആണ് സോനം കപൂർ. വസ്ത്രധാരണത്തിലും സ്റ്റൈലിലും തന്റേതായ ഒരു രീതി എന്നും സോനം കാത്തുസൂക്ഷിക്കാറുണ്ട്. അഭിനയത്തിലും വേറിട്ട രീതി പിന്തുടരുന്ന സോനം ഇപ്പോൾ ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ലണ്ടനിലാണ്. കുടുംബാംഗങ്ങളെല്ലാം മുംബൈയിലായതുകൊണ്ട് നാട്ടിലേക്ക് വരാൻ വളരെയധികം ആഗ്രഹിക്കുകയാണ് നടി. കാരണം കൊവിഡ് പ്രതിസന്ധി കാരണം, കുടുംബാംഗങ്ങളെ ഏറെക്കാലമായി നടി കണ്ടിട്ടില്ല. ഇപ്പോഴിതാ, സഹോദരങ്ങൾക്കൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം പങ്കുവയ്ക്കുകയാണ് സോനം കപൂർ.

സഹോദരി റിയ കപൂറും സഹോദരൻ ഹർഷവർധൻ കപൂറുമാണ് സോനത്തിനൊപ്പം ചിത്രത്തിലുള്ളത്. അച്ഛൻ അനിൽ കപൂറിന്റെ സഹോദരൻ ബോണി കപൂറാണ് ചിത്രം പകർത്തിയിരിക്കുന്നത്. ജുഹുവിലെ വീട്ടിൽ നിന്നുള്ള ചിത്രമാണിത്. ഈ ഫോട്ടോ സൂക്ഷിച്ചതിന് ബോണി കപൂറിന് നന്ദിയും അറിയിക്കുകയാണ് സോനം കപൂർ.

മുൻപ് അനിൽ കപൂറിനും, റിയക്കും ഒപ്പമുള്ള ഒരു ചിത്രം നടി പങ്കുവെച്ചിരുന്നു. അതേസമയം, നടി ഏറ്റവും അവസാനം വേഷമിട്ടത് ദുൽഖർ സൽമാനൊപ്പം സോയ ഫാക്ടറിലാണ്. അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ  നോവലിനെ ആധാരമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. സോയ ഫാക്ടറിന് മുൻപ് പാഡ് മാനിലും നടി വേഷമിട്ടിരുന്നു. അതോടൊപ്പം, സിനിമാലോകത്ത് സോനം കപൂർ പതിമൂന്നു വർഷം പൂർത്തിയാക്കി.

Story highlights- Sonam Kapoor shares an UNSEEN picture with her siblings Rhea and Harshvardhan