അമ്മയ്ക്ക് സംഗീതത്തിൽ ചാലിച്ച സ്നേഹസമ്മാനവുമായി അനുരാധ; വീഡിയോ ഗാനം കാണാം..

പ്രശസ്ത പിന്നണി ഗായിക രേണുക മോഹന് സംഗീതത്തിൽ ചാലിച്ച സ്നേഹ സമ്മാനവുമായി എത്തുകയാണ് മകളും പാട്ടുകാരിയുമായ അനുരാധ ശ്രീറാം.  രേണുകയുടെ 74 ആം പിറന്നാൾ ദിനത്തിലാണ് അമ്മയ്ക്കായി ‘കമനീയം’ എന്ന വീഡിയോ അനുരാധ തയാറാക്കിയിരിക്കുന്നത്. രേണുക ആലപിച്ച ആറ് സുന്ദര മലയാള ഗാനങ്ങൾ കോർത്തിണക്കിയാണ് അനുരാധ പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്.

രേണുക പാടി അവിസ്മരണനീയമാക്കിയ ‘കണികാണും നേരം കമല നേത്രന്റെ’ എന്ന ഗാനവും ‘അമ്മേ അമ്മേ അമ്മേ നമ്മുടെ’, ‘എല്ലാം ശിവമയം ശിവ ശക്തിമയം’, ‘കമനീയ കേരളമേ’, ‘കടക്കണ്ണിൻ മുന കൊണ്ടു കത്തെഴുതി പോസ്റ്റ് ചെയ്യാൻ’, ‘നീലാഞ്ജനക്കിളി ..നീലാഞ്ജനക്കിളി നിനക്കും ഇന്ന് നോയമ്പാണോ..’   തുടങ്ങിയ ഗാനങ്ങളും ചേർത്ത ഒരു മനോഹര വീഡിയോ ഗാനമാണ് അനുരാധ ഒരുക്കിയിരിക്കുന്നത്.

അനുരാധ ആലപിക്കുന്ന ഈ ഗാനത്തിന് മാറ്റുകൂട്ടാൻ കീ ബോർഡ് തയാറാക്കി മധു പോളും വയലിനിൽ വിസ്‌മയം സൃഷ്ടിച്ച് ഫ്രാൻസിസ് സേവ്യറും ഒപ്പമെത്തി. ജോസി ആലപ്പുഴയും സന്ദീപ് നടരാജനും മ്യൂസിക് ഇൻസ്ട്രുമെന്റ്സുമായി എത്തിയതോടെ പാട്ടിന്റെ ഭംഗി ഇരട്ടിച്ചു.

അതേസമയം നിരവധി ഗാനങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ അനുരാധ ഫ്ലവേഴ്‌സ് ടി വി ഒരുക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയായ ടോപ് സിംഗറിലും ജഡ്‌ജായി എത്താറുണ്ട്. ശബ്ദമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പന്മാർ പാട്ടുപാടാൻ എത്തുന്ന ടോപ് സിംഗർ ഇതിനോടകം ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..