ഡ്രോണ്‍ ക്യാമറകള്‍ക്ക് ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

March 25, 2019

നൂതന സാങ്കേതിക വിദ്യ ക്രീയാത്മകമായി ഉപയോഗിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ഇക്കാലഘട്ടത്തിലുള്ളവര്‍. പ്രത്യേകിച്ച് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമെല്ലാം.  ക്രീയേറ്റിവിറ്റിക്ക് മാറ്റുകൂട്ടാന്‍ ഡ്രോണ്‍ ക്യാമറകള്‍ എത്തിയതോടെ ഫോട്ടോയും വീഡിയോയുമെല്ലാം വേറെ ലെവാലായി എന്നു വേണം പറയാന്‍. ഡ്രോണ്‍ ക്യാമറകള്‍ ഇന്ന് എല്ലാ ആഘോഷ പരിപാടികളിലെയും നിറ സാന്നിധ്യമാണ്. എന്നാല്‍ ഇനി മുതല്‍ ഡ്രോണ്‍ ക്യാമറകള്‍ തോന്നുംപോലെ ഉപയോഗിക്കാനാവില്ല. ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേരളാ പൊലീസ് ഇതു വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം;
തന്ത്രപ്രധാന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം

ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ മുതല്‍ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളില്‍ പറക്കാന്‍ പാടില്ല. സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല.

നാനോ ഡ്രോണുകള്‍ക്ക് മുകളിലുള്ള എല്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ് (DGCA) നല്‍കുന്ന പെര്‍മിറ്റും (അണ്‍മാന്ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് UAOP ) വ്യക്തിഗത തിരിച്ചറിയല്‍ നമ്പരും (UIN) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമേ ഇവ പറത്താന്‍ പാടുള്ളൂ.

Read more:ചൂട് കനക്കുന്നു; അഞ്ച് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ്

പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങള്‍, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങള്‍ രാജ്യാന്തരഅതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കടലില്‍ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകള്‍ പറത്താന്‍ പാടില്ല.