ലോകകപ്പിനുള്ള സാധ്യത ടീമിൽ ധോണിയും; പ്രവചിച്ച് അനിൽ കുംബ്ലെ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് അനിൽ കുംബ്ലെ. ഈ വർഷം ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ. അതേസമയം മത്സരത്തിനായുള്ള പതിനൊന്നംഗ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഇന്ത്യ ക്രിക്കറ്റ് ടീം ക്യാപറ്റൻ വീരാട് കോഹ്ലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ രംഗത്തെത്തിയത്.

അനിൽ കുംബ്ലെയുടെ പ്രവചന പ്രകാരം ലോകകപ്പിൽ നാലാം നമ്പറിൽ വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എം എസ് ധോണി ഉണ്ടാകും. രോഹിത് ശർമ്മയും ശിഖർ ധവാനുമാണ് കളിയിലെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ സ്ഥിരം താരമായ വീരാട് കോഹ്‌ലിയും നാലാം നമ്പറിൽ എം എസ് ധോണിയും ഇറങ്ങും. കളിയിലെ മറ്റ് താരങ്ങളെക്കുറിച്ചും കുംബ്ലെ വ്യക്തമാക്കി ധോണിക്ക് ശേഷം അമ്പാട്ടി റായിഡുവും, കേദാര്‍ ജാദവും ഹാർദ്ദിക്‌ പാണ്ഡ്യയും ഇടം നേടും. ഭുവനേശ്വർ കുമാർ, കുൽദീപ് യാധവ്, യുസ്‌വേന്ദ്ര ചഹാൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഖലീൽ അഹമ്മദ്, ഋഷഭ് പന്ത്, വിജയ് ശങ്കർ എന്നിവരും കുംബ്ലെയുടെ ടീമിലെ താരങ്ങളാണ്.

Read also:സമൂഹ മാധ്യമങ്ങളിൽ തരംഗമായി തലയും താരങ്ങളും; ഐ പി എല്‍ തീം സോങ് കാണാം..

ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെയാണ് പുതിയ ടീമിനെക്കുറിച്ചുള്ള ധാരണകൾ വീരാട്  കോഹ്ലി പുറത്തുവിട്ടത്.

ഇരു ടീമുകള്‍ക്കും നിര്‍ണായകമായ അവസാന ഏകദിന മത്സരത്തില്‍ 35 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ വിജയ പ്രതീക്ഷയോടെ തന്നെയായിരുന്നു അഞ്ചാം ഏകദിനത്തില്‍ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം ഫലം കണ്ടില്ല. ഡല്‍ഹിയിലെ ഫിറോഷ കോട്ല സ്റ്റേഡിയമായിരുന്നു ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തിന്‍റെ വേദി.