‘നമ്മളെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച, വിസിലടിപ്പിച്ച നമ്മുടെ തലയോടൊപ്പം ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു വിമാനയാത്ര..’- ആവേശമാർന്നൊരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ അനുഭവക്കുറിപ്പ്

June 23, 2022

ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി. 2000-ത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ഐക്കണുകളിൽ ഒരാളായി ഉയർന്നുവന്നത് മുതൽ അദ്ദേഹം ആളുകളെ പ്രചോദിപ്പിക്കുകയാണ്. കളിക്കളത്തിലെ പ്രചോദനാത്മകമായ ചില പ്രകടനങ്ങളിലൂടെ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ധോണി. അന്താരാഷ്ട്ര രംഗത്ത് നിന്ന് വിരമിച്ചെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ തന്റെ ആരാധകരെ ത്രസിപ്പിക്കുന്നത് തുടരുകയാണ്. ആരാധകരോട് എപ്പോഴും സ്നേഹം പുലർത്തുന്ന ധോണിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോൾ ഓൾ കേരള ധോനി ഫാൻസ്‌ അസോസിയേഷൻ അംഗം നബീൽ.

ഒരുവർഷം മുൻപ് ആകാംക്ഷയുടെ മുൾമുനയിൽ നിന്ന് സംഘടനയ്ക്കായി അദ്ദേഹത്തെ കാണാൻ ശ്രമിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. വളരെ ഹൃദ്യമാണ് ഈ കുറിപ്പ്.

നബീൽ പങ്കുവെച്ച കുറിപ്പ്;

ഒരു പറ്റം ആരാധകരുടെ സ്വപ്ന സാഫല്യത്തിലേക്ക് പറന്നിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം..!ആത്മാർത്ഥമായി ധോനിയുടെ പേരിൽ ചാരിറ്റി ചെയ്യുന്ന ഒരു കൂട്ടം സഹോദരങ്ങൾ…സോഷ്യൽ മീഡിയയിലെ ഫാൻ ഫൈറ്റുകൾ മാറ്റി നിർത്തി സമൂഹത്തിലേക്ക് നേരിട്ടിറങ്ങി പ്രവർത്തിക്കാൻ തുനിഞ്ഞിറങ്ങിയ ചുറുചുറുക്കുള്ളവർ. ധോനിയുടെ എല്ലാ വിജയപരാജയങ്ങളിലും ചാരിറ്റിയിലൂടെ ധോനിസം വ്യാപിപ്പിക്കുകയായിരുന്നു അവർ. ധോനിയുടെ ഏറ്റവും മോശം സമയത്താണ് AKDFA Official എന്ന സംഘടനയ്ക്ക് രൂപം നൽകി എന്നത് തന്നെ ധോനിയെന്ന ഇതിഹാസത്തെ അവർ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ്.


കേരളം മുഴുവൻ ആ ധോനിസം പരന്നു കിടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഞാൻ ആ സംഘടനയിൽ അംഗമാവുന്നത്. കൂടെ ചേർന്ന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അവരെനിക്കവസരം തന്നു. എന്തൊക്കെ ചെയ്തിട്ടും അവസാനം ഒരു ചോദ്യം മാത്രം ബാക്കിയായിരുന്നു.
“നിങ്ങളീ ചെയ്യുന്നതൊക്കെ ധോനി അറിയുന്നുണ്ടോ..? “
വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും മീഡിയക്കാരും വരെ ചോദിച്ചു തുടങ്ങി. അവസാനം ആ ചോദ്യം ഞങ്ങളുടെ ഉറക്കം കെടുത്തി.
ഒരിക്കൽ ധോനി തിരുവനന്തപുരത്ത് വരുമ്പോൾ ഒരാൾ തന്റെ യൂണിറ്റിലെ അംഗത്തോട് കളി കാണാൻ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ “ഇപ്പൊ കാശില്ലെടാ.. കഴിഞ്ഞ മാസം യൂണിറ്റിൽ ഒരു പയ്യന്റെ ഓപ്പറേഷനായി fundraising ഉണ്ടായിരുന്നു അതിന് കൊടുത്തു, അടുത്ത പ്രാവശ്യം നോക്കാം” എന്നായിരുന്നു മറുപടി. തങ്ങളുടെ ആരാധക പുരുഷനെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത, കാണാൻ അവസരമുണ്ടായിട്ടും ആ പണം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്ന ഒരു കൂട്ടം സുമനസ്സുകളുടെ കഥ കേട്ട് എന്റെ ഉറക്കം ശരിക്കും പോയിരുന്നു. ഇക്കാ നമ്മൾ ചെയ്യുന്നത് എന്നെങ്കിലും ധോനി അറിയുമോ..? അവർക്ക് തന്നെ സംശയമായി.


ധോനിയെ കണ്ട് സംഘടയുടെ എല്ലാ കാര്യങ്ങളും അറിയിക്കാനുള്ള എല്ലാ വഴികളും തിരക്കി. ഒരുപാട് തവണ പല വാതിലുകളും മുട്ടി, പല ഹോട്ടലുകളും കയറിയിറങ്ങി, പല യാത്രകളും നടത്തി, പല കത്തുകളും അയച്ചു, പല കളിക്കാരേയും നേരിട്ട് കണ്ട് കത്ത് കൊടുത്തു ധോനിയെ അറിയിക്കാൻ… നിരാശയായിരുന്നു ഫലം.
Covid സമയത്ത് ഇനിയെന്തെന്ന് ചിന്തിച്ചിരിക്കുമ്പോഴായിരുന്നു ഷിംലയിൽ കുടുംബത്തോടൊപ്പം ധോനി ഒരു യാത്ര പോകുവാണെന്നുള്ള വാർത്ത കാണുന്നത്. Lockdown ഒക്കെ കഴിഞ്ഞ്‌ ഒരു relax tour. നീക്കങ്ങളൊക്കെ 2 വർഷത്തെ പ്രയത്നം കൊണ്ട് ഞാൻ കണ്ടെത്തിയ ചില ബന്ധങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും സൂക്ഷ്മമായി നിരീക്ഷിച്ചു.


അവിടെ പോയാൽ സംഗതി നടക്കുമോ എന്നാലോചിച്ചിരിക്കുമ്പോൾ പെട്ടെന്നൊരു വൈകുന്നേരം അതാ ധോനി ഷിംലയിൽ വെച്ച്‌ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നു, ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇത് തന്നെ അവസരമെന്ന് കരുതി ഉടനെ തന്നെ എനിക്കെപ്പോഴും സഹായമായിട്ടുള്ള ഉയിർ നൻപൻ Martin നുമായി 2 മണിക്കൂർ ചർച്ചയിലൂടെ ഷിംലയിലേക്ക് പോകാമെന്നുറപ്പിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോഴേക്കും സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു.


ധോനിയെ കാണിക്കാനുള്ള സംഘടനയുടെ ഫയലുകളും മറ്റും ശരിയാക്കാനുണ്ടായിരുന്നു. ഒരു Momento ധോനിക്ക് കൈമാറാൻ മുൻപ് തന്നെ design ചെയ്ത്‌ സൂക്ഷിച്ചിരുന്നു. ഇനി ഒരു work file റെഡിയാക്കണം. പക്ഷെ റെഡിയാക്കി വരുമ്പോഴേക്കും ഷോപ്പുകളെല്ലാം അടക്കും. എന്ത് ചെയ്യും.?
അപ്പോഴേക്കും വേറൊരു മെസ്സേജ് വന്നു, ധോനി നാളെ ഷിംലയിൽ നിന്നും തിരിക്കും. 5 മണിക്കാണ് ചണ്ഡിഗഡിൽ നിന്നും അവർക്ക് ഫ്ലൈറ്റ്. അപ്പോൾ 3 മണിക്കെങ്കിലും അവർ എയർപോർട്ടിൽ എത്തണം. അതിന് 11 മണിക്കെങ്കിലും ഷിംലയിൽ നിന്ന് തിരിക്കണം. എന്റെ ഫ്ലൈറ്റ് എത്തുന്നത് 2 മണിക്ക്. അപ്പൊ എനിക്ക് ഷിംല വരെ പോകേണ്ടതില്ല. ഞാനും 5 മണിക്കുള്ള flight നോക്കി ചെന്നൈയിലേക്ക് ഡൽഹി കണക്റ്റഡ് ഫ്ലൈറ്റ് ബുക്ക് ചെയ്തു. ഭാഗ്യമുണ്ടെങ്കിൽ lounge ലോ മറ്റോ വെച്ച് കാണാൻ കഴിയും. റിസോർട്ടിനെ അപേക്ഷിച്ച്‌ എയർപോർട്ടിൽ സെക്യൂരിറ്റി കൂടുതലായിരിക്കും. പ്രതീക്ഷ ഏതാണ്ട് അവസാനിക്കുന്ന പോലെ തോന്നി. എന്നാലും ആത്മവിശ്വാസം കൈ വിടാതിരിക്കാൻ ശ്രമിച്ചു.


സമയം രാത്രി 9 മണി. Chandigarh എയർപോർട്ടിനടുത്തുള്ള DTP centres google ചെയ്ത്‌ നോക്കി. 14km അപ്പുറത്ത് ഒരു ഷോപ്പിന്റെ നമ്പർ കിട്ടി. ഒരു മണിക്കൂർ Chandigarh ൽ എനിക്കുണ്ട്, അതിനുള്ളിൽ എനിക്കവിടെ നിന്നും printout എടുക്കാം. അവരെ വിളിച്ചു സംസാരിച്ചു whatsapp വഴി ഡോക്യുമെന്റ് ഷെയർ ചെയ്തു. Google pay വഴി full പേയ്‌മെന്റും നടത്തി. കാര്യങ്ങൾ ഒക്കെ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും എന്റെ മുറിയൻ ഹിന്ദിയും വെച്ച്‌ ബോധ്യപ്പെടുത്തി. അയാൾക്കും ഇതൊക്കെ കേട്ടിട്ട് അത്ഭുതമായിരുന്നു. ഉച്ചക്ക് 1 മണിക്കുള്ളിൽ എല്ലാം സെറ്റ് ആക്കി വെക്കാമെന്ന് സർദാർജി ഉറപ്പ് തന്നു. ടിക്കറ്റും പ്രിന്റൗട്ടും മോമെന്റോയും എല്ലാം set. പക്ഷെ ഉറക്കം വരുന്നില്ല, വല്ലാത്ത anxiety.
ചെന്നൈ എയർപോർട്ടിൽ നിന്നും പിറ്റേ ദിവസം അതിരാവിലെ ബെംഗളൂരു വഴി chandigarh ലേക്ക്. ഒരുപാട് പ്രതീക്ഷയോടെ, ഒരുപാട് പേരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഏറ്റെടുത്ത ഒരു ദൗത്യവുമായി Chandigarh defence airport ൽ പറന്നിറങ്ങി. ഒരു യുദ്ധഭൂമിയുടെ അന്തരീക്ഷം. ചുറ്റിലും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും.


പുറത്തു കടന്ന ഉടനെ ഒരു ടാക്സിവാലയെ കണ്ടെത്തി. ചെറുപ്പകാരനായത് കൊണ്ട് ഇംഗ്ലീഷ് വശമുണ്ടായിരുന്നത് ഭാഗ്യമെന്ന് കരുതി കാര്യങ്ങൾ അവതരിപ്പിച്ചു. 1 മണിക്കൂർ Up & down ഡ്രൈവ് ഉണ്ട്. എന്റെ അവസ്ഥ മനസ്സിലാക്കി 20 മിനിറ്റ് കൊണ്ട് ഊടുവഴികളിലൂടെ ഭയ്യ എന്നെ DTP സെന്ററിൽ എത്തിച്ചു.
2 ആഴ്ച്ച കഴിഞ്ഞാൽ ധോനിയുടെ birthday ആണ്. ഒരു advance wishes കൊടുക്കണം. അടുത്തുള്ള ബേക്കറിയിൽ നിന്ന് സർദാർജിയെ കൊണ്ട് തന്നെ പോകുന്നതിനിടയിൽ വിളിച്ചു കേക്ക് വാങ്ങി വെപ്പിച്ചു.


“ടൈം ബിൽകുൽ നഹി ഹേ ഭയ്യാ” ന്നും പറഞ്ഞു ഒറ്റക്കരച്ചിൽ ആയിരുന്നു. അവിടെയെത്തിയപ്പോഴേക്കും എനിക്ക് വേണ്ടി 5-6 സർദാർജിമാർ കാത്തു നിൽക്കുന്നു. എന്റെ ഫയലും കേക്കും പിന്നെ എനിക്ക് കഴിക്കാൻ “ഒരു ഫ്രൂട്ടിയും ബിസ്ക്കറ്റും”, അവരുടെ വക കോംപ്ലിമെന്ററി ആണത്രേ..! സത്യത്തിൽ വിശന്നു വലഞ്ഞിരിക്കുന്ന എനിക്കതൊരു ആശ്വാസമായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. പുള്ളിയെ ഒന്ന് കെട്ടിപ്പിടിച്ചു നന്ദി പറയാതെ പോരുന്നതെങ്ങനെയാണ്. എല്ലാ ജീ മാരോടും യാത്ര പറഞ്ഞു മൊഹാലി വഴി വീണ്ടും എയർപോർട്ടിലേക്ക്.


ചുമ്മാ ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ അതാ സാക്ഷി ma’am ന്റെ story, ഞാൻ കടന്നു വന്ന മനോഹരമായ ഒരു ഫ്‌ളൈ ഓവറിന്റെ..! അപ്പൊ ഉറപ്പിച്ചു, അവർ എയർപോർട്ടിലേക്ക് തന്നെ. കണക്കു കൂട്ടലുകൾ തെറ്റിയില്ല, കൃത്യം 3 മണിക്ക് AKDFA യുടെ ചരിത്രവുമായി ടാക്സിവാല എന്നെ തിരിച്ചെത്തിച്ചു. പുറത്തുള്ള CISF കാരനോട് തിരക്കിയപ്പോൾ ധോനിയും സംഘവും 10 മിനിറ്റ് മുൻപ് തന്നെ എയർപോർട്ടിൽ എത്തിയത്രെ.!
പൊതുവെ തിരക്ക് കുറവുള്ള, പ്രത്യേകിച്ച് lockdown കഴിഞ്ഞു എല്ലാം open ആയി വരുന്നേയുള്ളൂ. 10 മിനിറ്റ് കൊണ്ട് check-in ഉം സെക്യൂരിറ്റി ചെക്കും കഴിഞ്ഞു ഞാൻ lounge ന്റെ മുൻപിലെത്തി. പ്രതീക്ഷിച്ചതിലും tight security. VVIP അകത്തുള്ള കാരണം lounge ലേക്ക് access ഇല്ലത്രെ .! ആരാണകത്തുള്ളതെന്ന് എനിക്കറിയാം, അവർ പറയുന്നില്ലെങ്കിലും. എന്റെ നെഞ്ചിടിപ്പ് കൂടി.. പുറത്തു വരുമ്പോൾ കാണാമല്ലോയെന്ന് കരുതി അവിടെത്തന്നെ വെയിറ്റ് ചെയ്തു.


കുറച്ചു കഴിഞ്ഞപ്പോൾ അതാ Ziva മോൾ ഓടിവരുന്നു.. പുറകെ സാക്ഷി ma’am. എനിക്കോടിപ്പോയി വാരിപ്പുണരാൻ തോന്നി, അത്രക്ക് Cute ആയിരുന്നു ziva, അനങ്ങിയില്ല.. അവർ alert ആവുമെന്നറിയാം മനസ്സിനെ കണ്ട്രോൾ ചെയ്ത്‌ അവിടെത്തന്നെയിരുന്നു. ഞാൻ അവരെ ശ്രദ്ധിക്കുന്നത് സാക്ഷി ma’amനു മനസ്സിലായോ എന്തോ… എന്നെ നോക്കി മോളെയും എടുത്തോണ്ട് അകത്തോട്ട് പോയി.
അവിടെയും രക്ഷയില്ല, guards വന്നു. boarding gates എല്ലാം താഴെയാണത്രെ. അതുകൊണ്ട് ഗ്രൗണ്ട് ഫ്ലോർ പോകണം. 1st floor allowed അല്ലെന്ന്. എനിക്ക് കാര്യം മനസ്സിലായി, എല്ലാം തീർന്നു.. ഇനി ഒരു വഴി റാഞ്ചി ഫ്ലൈറ്റ്ന്റെ gate ന് മുൻപിലിരിക്കുക. Flight information display നോക്കി. റാഞ്ചിയിലേക്ക് ഫ്ലൈറ്റില്ല. അടുത്ത ഒരു മണിക്കൂറിൽ ഡൽഹിയിലേക്ക് മാത്രം…എന്റമ്മോ അപ്പൊ ഞാൻ പോകുന്ന ഫ്ലൈറ്റിൽ തന്നെയാണോ ധോനിയും പോകുന്നത് ..!?


അറ്റാക്ക് വന്ന് മരിച്ചില്ലെന്നേ ഒള്ളു… സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ..
എക്സൈറ്റ്മെന്റും നെർവസും കൊണ്ട് ഒരു മണിക്കൂർ തള്ളി നീക്കിയതോർമ്മയില്ല.. വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങൾ… Boarding call വന്നു. ക്യു നീളുന്നു എല്ലാവരും ബസിൽ കയറുന്നു. ഞാൻ മാത്രം അനങ്ങിയില്ല… അവസാനം അതാ ഒരു 10-15 പേര് ഒന്നിച്ചു എസ്കലേറ്ററിൽ ഇറങ്ങി വരുന്നു, കൂട്ടത്തിൽ സാക്ഷി ma’amഉം സിവയും ഉണ്ട്. ധോനിയില്ല .. ഒരു നിമിഷം ഞാനങ്ങട് ഇല്ലാണ്ടായി.
ടിങ്…ലിഫ്റ്റ് അതാ മുകളിലോട്ട് പോകുന്നു.. ഞാൻ ഉറപ്പിച്ചു താഴെ വരുമ്പോൾ അതിൽ ഞാൻ കാത്തിരിക്കുന്ന എന്റെ റോൾമോഡൽ ഉണ്ടാകും.


ടിങ്… ലിഫ്റ്റ് തുറന്നു. അതാ വരുന്നു തലയെടുപ്പോടെ, ചുറ്റിലും സെക്യൂരിറ്റിയുടെ അകമ്പടിയോടെ ആറടി പൊക്കമുള്ള ആ ഇതിഹാസ താരം. “ധോനി… ധോനി … ധോനി” ചെപ്പോക്കിലെ ആ roaring chants ഒരു എക്കോ പോലെ എന്റെ കാതുകളിൽ മുഴങ്ങി… കൊമ്പൻ മീശയൊക്കെ വെച്ച്‌ ഓജസ്സുള്ള ആ മുഖം കണ്ടപ്പോൾ തന്നെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. മഹി ഭായ് എന്ന് വിളിച്ചു, ഇല്ല ശബ്ദം പുറത്തേക്ക് വരുന്നില്ല.. എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല..


അവർ നടന്ന് എന്റെ അടുത്തെത്തി.. തലയുമായി ഒരു eye contact.. ഒരു ചിരി.. അതിൽ എനിക്കൊരു എനർജി കിട്ടി. ഞാൻ അടുത്തേക്ക് ചെന്നു, സെക്യൂരിറ്റി എന്നെ തടഞ്ഞു. രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു.
” Mahi bhai.. I‘m coming from Kerala ”
“Came for what .?”
അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ Security ഒന്നയഞ്ഞു.
“We have an association called ALL KERALA DHONI FANS ASSOCIATION”
“What are you doing here .?”
“I came here to meet you”
“OMG.. ഇത്തനീ ദൂർ സേ ..”
“യെസ്‌ മഹി ഭായ്.. ഇത് ഞങ്ങളുടെ ഒരുപാട് കാലത്തെ കാത്തിരിപ്പാണ് “
ഞാൻ കയ്യിലുള്ള ഫയൽ എടുത്തു കാണിച്ചു. ഓരോ പ്രധാന ചാരിറ്റി പ്രവർത്തനങ്ങളും ഫോട്ടോ സഹിതം കാണിച്ചു.
പിന്നെ നടന്നത് ചരിത്രം..!
എന്റെ തോളിലൊരു തട്ട് … ” Very good yaar… keep up the good work”
ഒരു നിമിഷം ഞാൻ കോരിത്തരിച്ചു പോയി. ദേഹം മുഴുവൻ തടിച്ചു വീർക്കാൻ തുടങ്ങി. കാതിൽ നിന്നും തലയിൽ നിന്നും ഒക്കെ കാറ്റ്‌ പോകുന്ന പോലെ.. രോമങ്ങളൊക്കെ എഴുന്നേറ്റ് നിക്കുന്നു, Goosebumps ന്റെ extreme level.
ഞാൻ പറഞ്ഞു, എനിക്കിതിലൊരു ഓട്ടോഗ്രാഫ് വേണം. നിങ്ങള്ക്ക് വേണ്ടി ആത്മാർഥമായി work ചെയ്യുന്ന ഒരു കൂട്ടം ആരാധകരുണ്ടവിടെ..! നിങ്ങളിത് വായിച്ചെന്ന് അവരറിഞ്ഞാൽ ഒരുപാട് സാന്തോഷിക്കും…
“No no … എനിക്കിത് വേണം, മുഴുവൻ വായിക്കണം, ഞാനിത് കൊണ്ട് പോകുവാണ്..”
എന്റെ കണ്ണുകൾ നിറഞ്ഞു. ഇതില്പരം ഒരു ആരാധകന് എന്ത് വേണം.?
ഞാൻ ഉടനെ ബാഗിൽ നിന്നും momento എടുത്ത് പറഞ്ഞു ഇത് പിടിച്ചു നമുക്കൊരു ഫോട്ടോ എടുക്കാമോ .?
“അതിനെന്താ .. Come “
ഉടനെ പുള്ളിയുടെ ഫ്രണ്ട്നെ വിളിച്ചു ഫോട്ടോ എടുത്തു തരാൻ ആവശ്യപ്പെട്ടു.
പുള്ളിക്കാരൻ ഫോട്ടോയെടുത്തതും അത് കാണിക്കാൻ പറഞ്ഞു ധോനി.
“No no.. ഞാൻ കണ്ണടച്ചിരിക്കുന്നു.. ഒരു നാലഞ്ചെണ്ണം എടുത്തു കൊടുക്ക്. അവൻ സെലക്ട്‌ ചെയ്യട്ടെ എന്ന്”
ഇതാണ് ഞങ്ങളുടെ തലയെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി.
ഞാനാ മൊമെന്റോ അദ്ദേഹത്തിന് കൈമാറി.
“so sorry.. എന്റെ ബാഗിൽ തീരെ സ്ഥലമില്ല.”
“എന്നാൽ എനിക്കിതിലൊരു ഓട്ടോഗ്രാഫ് തരൂ”
“അതിനെന്താ.. give “
നിങ്ങൾ ഓട്ടോഗ്രാഫ് ചെയ്യുന്നത് ഞാനൊരു വീഡിയോ എടുത്തോട്ടെയെന്ന് ചോദിച്ചു ക്യാമറ ഓൺ ചെയ്തു. അപ്പോൾ അദ്ദേഹം പറയാണ്..
” മുന്നിൽ നിന്ന് എടുക്കുന്നതിനേക്കാൾ പുറകിൽ നിന്നെടുക്കുന്നതായിരിക്കും നല്ലത്.”
ഞാൻ പുറകിൽ പോയി നിന്നു.. റെഡിയല്ലേ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം AKDFA എന്ന പ്രസ്ഥാനത്തിന്റെ അടയാളത്തിന് മേൽ അദ്ദേഹം “മഹി” യെന്ന് നീട്ടിക്കുറിച്ചു… വീണ്ടും ചരിത്രം ..!
Sign ചെയ്ത് തിരിച്ചു തരുമ്പോൾ അദ്ദേഹം കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു ആ മോമെന്റോയുടെ ഡിസൈൻ. അത്രക്ക് ബോധിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ ക്യൂരിയോസിറ്റി ആയിരിക്കണം ആ ലോഗോയിൽ എന്തൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ടെന്നറിയാൻ. നമ്മൾ CDP BREAKDOWN ചെയ്യുന്ന പോലെ.
സമയം വൈകി, ഫൈനൽ കോൾ വന്നു. അത്രയും നേരം സംസാരിച്ച്‌ ഒരു ഫോട്ടോയും വീഡിയോയും എടുത്തിട്ടും ഒരു മുഷിപ്പും കൂടാതെ ബസ്സിൽ കയറുന്നതിന് മുൻപ് ചോദിച്ചപ്പോൾ ഒരു selfie യും കൂടെ തന്നു.
എന്റെ കയ്യിൽ ഇനിയൊരു സംഭവം കൂടെയുണ്ട്, birthday cake. എങ്ങനെ ഇനിയും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കും .? ബസ്സിൽ വെച്ച്‌ തന്നെ സംഗതി പുറത്തേക്കെടുത്തു..
“ADVANCE HAPPY BIRTHDAY Thala”
“ഓ ഗോഡ് ഇപ്പൊ മുറിക്കാനുള്ള സമയമില്ല.. നിങ്ങൾ കൊണ്ട് വന്നതല്ലേ” ന്നും പറഞ്ഞു സൈഡിൽ നിന്നും ചോക്ലേറ്റ് crumps ഉള്ള ഭാഗം നോക്കി ചൂണ്ടു വിരൽ കൊണ്ട് തോണ്ടിയെടുത്ത് രുചിച്ചു നോക്കി..
“Mm nice … thank you so much for your love..”
ബസ്സിറങ്ങി ഫ്‌ളൈറ്റിൽ കയറാനായി കാത്തു നിൽക്കുമ്പോളും AKDFA എന്ന പ്രസ്ഥാനത്തിന്റെ ഒരു ചരിത്രം മുഴുവൻ അദ്ദേഹം കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ, അത്രയും ആത്മാർത്ഥമായി പ്രയത്നിച്ചതെല്ലാം വെറുതെയായില്ലെന്ന് ആത്മനിർവൃതിയടഞ്ഞു.
ബോർഡിങ് ചെയ്തു. അദ്ദേഹത്തിന് ഒരു row പുറകിൽ അടുത്ത് കാണുന്ന രീതിയിൽ opposite സൈഡിൽ തന്നെയായിരുന്നു എന്റെ സീറ്റും.
ഈ കാര്യങ്ങളൊക്കെ ആരെയെങ്കിലും വിളിച്ചറിയിക്കണം. സംഘടനയിലെ ഏറ്റവും അടുത്ത സുഹൃത്തും most deserving person ഉമായ Dev നെ തന്നെ വീഡിയോ കാൾ ചെയ്തു.
“നീ ഒച്ച വെക്കരുത്, ഒരു കാര്യം കാണിച്ചു തരാം” എന്ന് പറഞ്ഞു, back camera switch ചെയ്തു… അവന്റെ കാറ്റ് പോയില്ലെന്നേ ഒള്ളൂ.. ഷോക്ക് അടിച്ചു പണ്ടാരമടങ്ങി.. കണ്ണുകളൊക്കെ നിറഞ്ഞു. Take off final call വന്നു..
വിശദമായി പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അങ്ങനെ ഒരായുസ്സ് മുഴുവൻ ആഘോഷിക്കാനുള്ള ഒരു പിടി ഓർമകളുമായി ചണ്ഡീഗഡിൽ നിന്നും വിമാനം പറന്നുയർന്നു… വന്നിറങ്ങുമ്പോൾ ഒരു യുദ്ധഭൂമിയെ പോലെ തോന്നിയിരുന്ന വിമാത്താവളം തിരിച്ചു പറക്കുമ്പോൾ സുവർണ്ണ ഭൂമിയായിട്ടാണ് അനുഭവപ്പെട്ടത്. ഒരുപാട് സുവർണ്ണ നിമിഷങ്ങൾ സമ്മാനിച്ച മണ്ണ്.
നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന, നമ്മളെ ഒരുപാട് വിജയങ്ങളുടെ കൊടുമുടിയിലെത്തിച്ച, നമ്മളെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച, വിസിലടിപ്പിച്ച നമ്മുടെ തലയോടൊപ്പം ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു വിമാനയാത്ര ഏതാണ്ട് അവസാനിച്ചു. യാത്രയിലുടനീളം അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു പോയിരുന്നു ഞാൻ.
വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. ധോനിയുമായി ഫോട്ടോയെടുക്കാനുള്ള crew members ന്റെയും മറ്റു ആരാധരുകാരുടെയും തിരക്കായി. ചോദിക്കുന്നവർക്കൊക്കെ ഫോട്ടോ കൊടുക്കുന്നുണ്ട്..
അവസാനമായി ഇറങ്ങുന്ന സമയത്ത് ഞാൻ യാത്ര പറയാനായി മുന്നോട്ട് പോയി
“മഹി ഭായ് നിങ്ങളുടെ boarding pass എനിക്ക് തരുമോ.. ഒരു ഓർമ്മക്കായി സൂക്ഷിക്കാൻ ..?”
” ഓ അതിനെന്താ.. എടുത്തോളൂ” എന്നും പറഞ്ഞു ആ boarding pass എനിക്ക് തന്നു. കൂടെ വേറൊരു ഫാൻ കൊടുത്ത ഒരു birthday frame ഉം.
“ഇതെനിക്ക് കൊണ്ട് പോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല.. നിങ്ങളെടുത്തോളൂ.. നമുക്ക് വീണ്ടും കാണാം covid restriction ഒക്കെ ഒന്ന് കഴിഞ്ഞോട്ടെ ..!”
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. കാണുക മാത്രമല്ല, emotionally അദ്ദേഹവുമായി ഒരുപാട് അടുത്തു കഴിഞ്ഞിരിക്കുന്നു അപ്പോഴേക്കും.
പിന്നീട് ഒരുപാട് തവണ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യം കണ്ട ആ excitement അത് വേറെ തന്നെയായിരുന്നു. കാണുമ്പോഴൊക്കെ സംഘടന എങ്ങനെ പോകുന്നു എന്ന് അദ്ദേഹം തിരക്കാതിരുന്നിട്ടില്ല.
“എല്ലാം നന്നായി പോകുന്നു മഹി ഭായ്.. നിങ്ങൾക്ക് വേണ്ടി കാത്തിരിക്കാണ് അവർ” എന്ന് ഞാനും പറയാറുണ്ട്.
” എല്ലാം സമയമാകുമ്പോൾ നടക്കും, കാത്തിരിക്കൂ ..”
ആദ്യത്തെ experience ലൈഫിൽ ഒരു പ്രാവശ്യമേ നടക്കൂ.. അതാണ് ഏറ്റവും സ്പെഷ്യൽ.. അത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പും..
June 23rd
1 year of a dream come true moment
NB: പേര് വെളിപ്പെടുത്താൻ കഴിയാത്ത ഒന്ന് രണ്ട് പേരെ എന്നും നന്ദിയോടെ ഓർക്കുന്നു.

Story highlights- all kerala dhoni association member nabeel about meeting with m s dhoni