സിനിമയിലേക്ക് തിരിച്ചുവരവറിയിച്ച് പൂർണിമ; ക്യാരക്ട്ർ പോസ്റ്റർ റിലീസ് ചെയ്ത് ഇന്ദ്രജിത്

May 18, 2019

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ ഇന്ദ്രജിത്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പൂർണ്ണിമയ്ക്ക് ആശംസയുമായി എത്തുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്. പൂർണിമയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് ഇന്ദ്രജിത് പൂർണിമയ്ക്ക് ആശംസകൾ നേർന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട രേവതിയുടേയും, റിമ കല്ലുങ്കലിന്റെയും ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്.

‘ എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്  വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് വൈറസ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read also: ‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്‌ക്’ റിവ്യൂ വായിക്കാം..

ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഈ വര്‍ഷം ഏപ്രില്‍ 26 ന് ചിത്രം തീയറ്ററുകളിലെത്തും.