‘എന്‍ജികെ’ തീയറ്ററുകളിലേക്ക്; 215 അടി ഉയരമുള്ള കട്ട് ഔട്ട്

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള നടനാണ് സൂര്യ. അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ വസന്തം തീര്‍ക്കുന്ന മഹാനടന്‍. സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന എന്‍ജികെ എന്ന ചിത്രം നാളെ തീയറ്ററുകളിലേക്കെത്തും. സായി പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. ചിത്രത്തിന്റെ റിലീസിനായി ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകര്‍ ഒരുക്കിയിരിക്കുന്ന സൂര്യയുടെ ഒരു കട്ട് ഔട്ട്. 215 അടി ഉയരത്തിലുള്ള കട്ട ഔട്ടാണ് ആകരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ലോകസിനിമയില്‍ തന്നെ ഒരു നടനുവേണ്ടി ഇത്രയും ഉയരത്തില്‍ ഒരു കട്ട് ഔട്ട് ഒരുങ്ങുന്നത് ഇത് ആദ്യമായാണെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തിരുട്ടാണിയിലുള്ള ആരാധകരാണ് ഈ കട്ട് ഔട്ട് ഉയര്‍ത്തിയിരിക്കുന്നത്.

ചിത്രത്തില്‍ നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ സൂര്യ ചെഗുവേര സ്‌റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read more: ‘അജു എന്നും പ്രിയപ്പെട്ടവന്‍’; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മ്മയില്‍ ദുല്‍ഖര്‍ സല്‍മാന്‍

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. പല്ലവിക്ക് പുറമെ രാകുല്‍ പ്രീതും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്. പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

അതേസമയം സൂര്യ സായി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് എന്‍ ജി കെ. ചിത്രത്തിനായി കാത്തിരിക്കുകാണ് ആരാധകര്‍. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു കോടിയോളം പേരാണ് കണ്ടത്.