മതിൽ ചാടി കടന്ന് ലാലേട്ടൻ; ശ്രദ്ധേയമായി ‘ബിഗ് ബ്രദറിന്റെ’ ഫസ്റ്റ് ലുക്ക്

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രം ബിഗ് ബ്രദറിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്  അണിയറ പ്രവർത്തകർ. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്‌സും ഷൂസും ധരിച്ച് ഒരു അരമതില്‍ ചാടിക്കടക്കുന്ന മട്ടിലാണ് പോസ്റ്ററിലുള്ള മോഹന്‍ലാല്‍ കഥാപാത്രം. ചിത്രത്തിൽ അഭിനയിക്കാൻ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ എത്തുന്നുവെന്ന വാർത്ത മോഹൻലാൽ നേരത്തെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ ‘ലേഡീസ് ആൻഡ് ജെന്റിൽ മെൻ’ ആണ്. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് പുതിയ ചിത്രത്തിനുവേണ്ടി ഇരുവരും ഒരുങ്ങുന്നത്.

2015 ൽ സിദ്ദിഖ്, മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച ‘ഭാസ്കർ ദി റാസ്കൽ’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിങ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴകത്തുനിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഹിന്ദി വേർഷന് വേണ്ടിയുള്ള തിരക്കിലാണ് സംവിധായകൻ ഇപ്പോൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടുകൂടി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, എന്നീ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് സൂപ്പർ സ്റ്റാറിപ്പോൾ. ഇട്ടിമാണി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി- ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം.

ഇട്ടിമാണിയിൽ ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള സൂപ്പർ സ്റ്റാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിമൊക്കെയായി കൈ നിറയെ ചിത്രങ്ങളുള്ള മോഹൻലാൽ ഇപ്പോൾ ‘മരയ്ക്കാർ അറബികടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.