‘മാതാ ജെറ്റിനെ പിടിയ്ക്കാൻ നീയാ.? നീ താറാവിനെ പിടി’; തണ്ണീർമത്തൻ ദിനങ്ങളിലെ ഈ ചേട്ടനെ അറിയാം..

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘തണ്ണീർമത്തൻ  ദിനങ്ങൾ’ എന്ന ചിത്രം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ കയ്യടിനേടുമ്പോൾ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഒരു കഥാപാത്രമാണ് തണ്ണീർമത്തൻ ദിനങ്ങളിലെ ജോയ്സൺ. പ്രധാന കഥാപാത്രം ജൈയ്സന്റെ ചേട്ടനായി എത്തിയ താരം പഠനം കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിൽ നിൽക്കുന്ന ഒരു സാധാരണ മലയാളിയെയാണ് വെള്ളിത്തിരയിൽ എത്തിക്കുന്നത്. നാട്ടുകാരുടെ സ്ഥിരം പല്ലവി ‘ജോലിയായില്ലേ..’? എന്ന  ചോദ്യം കേട്ട് മടുത്ത ഒരു പാവം ക്രിക്കറ്റ് ഭ്രാന്തനായ ഒരു യുവാവ്..

ജെയ്സന്റെ ചേട്ടനായി എത്തി വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ഈ താരമാണ് ഡിനോയ് പൗലോസ്.  അഭിനയത്തിന് പുറമെ സംവിധായകൻ എ ഡി ഗിരീഷിനൊപ്പം തിരക്കഥയിലും ഡിനോയ് തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു.

Read also: ‘സിനിമയോളം പ്രണയത്തെ അറിഞ്ഞ മറ്റെന്താണുള്ളത്’…മനോഹര പ്രണയം പറഞ്ഞ് ‘തണ്ണീർമത്തൻ ദിനങ്ങൾ’, റിവ്യൂ വായിക്കാം

ലളിതമായ അവതരണ രീതിയിലൂടെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുവാൻ സംവിധായകൻ ഗിരീഷ് എ ഡിയ്ക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുന്ന ഒരു കൊച്ചു ചിത്രമാണ്.

തിയേറ്ററിൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം കേള്‍വിയില്‍ പുതുമ പകരുന്ന ഗാനങ്ങളിലൂടെയും ചിത്രത്തെ മികച്ചതാക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ ഉണ്ടാകുന്ന എല്ലാ വികാരങ്ങളെയും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്. അവതരണത്തിലെ പുതുമ കൊണ്ടും അഭിനയത്തിലെ മികവ് കൊണ്ടും ചിത്രം രണ്ടര മണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതെ തിയേറ്ററിൽ  ഇരുത്തുമെന്ന് ഉറപ്പാണ്..