ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ വേഷമിടുന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബസന്തി നോ ഡാൻസ് എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ മടിയുള്ള വിദ്യാര്‍ഥികള്‍ അതിനുള്ള ഊര്‍ജ്ജം സംഭരിക്കുന്നതായിട്ടാണ് വീഡിയോയില്‍ സൂചിപ്പിക്കുന്നത്.
വികാസ് ബഹല്‍ സംവിധാനം ചെയ്യുന്നചിത്രത്തിൽ മൃണാല്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തിന് വേണ്ടി ഹൃത്വിക് റോഷൻ നടത്തിയ മേയ്‍ക്ക് ഓവര്‍ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഹൃത്വിക് റോഷൻ ആനന്ദ് കുമാറിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ 12 നായിരിക്കും ചിത്രം റിലീസ് ചെയ്യുക.
Read also: ശരീര വേദനയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവയൊക്കെയാണ്…
അതേസമയം രണ്ട് വർഷത്തിനു ശേഷമാണ് ഹൃതിക്കിന്റെ ചിത്രം തിയറ്ററുകളിലെത്തുന്നത്. പലകാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ബിഹാറിലെ പട്ന സ്വദേശി ആനന്ദ്കുമാറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാർഥികളെ ഐ ഐ ടി കളുടെ പടി കടത്തിയ ആളാണ് ആനന്ദ്. ആനന്ദ് കുമാറും അദ്ദേഹത്തിന്റെ സൂപ്പര്‍ 30 എന്ന സൗജന്യ പഠന പരിപാടിയും ഇന്ത്യയ്ക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്ന വിജയകരമായ ഒരു പഠന പദ്ധതിയാണ്. റിലയന്‍സ് എന്റര്‍ടെയ്ൻമെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്.