‘മധുപോലെ പെയ്ത മഴയില്‍…’; അതിമനോഹരം ഈ കവര്‍ സോങ്

വിജയ് ദേവരകൊണ്ട സിദ് ശ്രീറാം കോംമ്പിനേഷന്‍ ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ എല്ലാം ഏറെ ഇഷ്ടപ്പെടുന്നു. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലെ പാട്ടിലൂടെതന്നെ ഇരുവരും പ്രേക്ഷക മനസില്‍ ഇടം നേടി. ഈ രണ്ട് പേര്‍ക്കുമൊപ്പം രശ്മികയുംകൂടി ചേരുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഈ മൂന്ന് കൂട്ടരും വീണ്ടും ഒന്നിക്കുകയാണ്. ‘ഡിയര്‍ കോമ്രേഡ്’ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഈ മൂവരും വീണ്ടും ഒന്നിക്കുന്നത്.

Read more:‘റഹ്മാന്‍ വിസ്മയം’, കൈയടി നേടി വിജയ് ചിത്രം ‘ബിഗില്‍’ ലെ പാട്ട്; മണിക്കൂറുകള്‍ക്കൊണ്ട് 30 ലക്ഷത്തോളം കാഴ്ചക്കാര്‍: വീഡിയോ

ചിത്രത്തിലെ മധുപോലെ പെയ്ത മഴയില്‍ എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോഴിതാ പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഈ ഗാനത്തിന് ഒരുക്കിയിരിക്കുന്ന ഒരു കവര്‍ വേര്‍ഷന്‍. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിനു വേണ്ടി സിദ് ശ്രീറാം ആലപിച്ച മധുപോലെ പെയ്ത മഴയില്‍, ഗൗതം ഭരദ്വാജ് പാടിയ ‘നീരോളം മേലെ മൂടും…’ എന്നീ ഗാനങ്ങള്‍ക്കാണ് കവര്‍ ഒരുക്കിയിരിക്കുന്നത്. വിജയ് ദേവരക്കൊണ്ടയുടെ ആരോധകരായ വിഷ്ണു നാരായണനും ആനന്ദ് ഹരിയുമാണ് ഈ കവര്‍ സോങ് മനോഹരമായി ആലപിച്ചിരിക്കുന്നത്. ഇരുവരുടെയും ആലാപനത്തെ പുകഴ്ത്തിക്കൊണ്ട് നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്.

ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജൂലൈ 26 ന് ഡിയര്‍ കോമ്രേഡ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.