500 റൺസടിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ശ്രമിക്കുമെന്ന് സർഫറാസ് അഹ്മദ്

July 4, 2019

ലോകകപ്പിൽ പാക്കിസ്ഥാൻ്റെ യാത്ര ഏറെക്കുറെ അവസാനിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചാലും സെമിയിൽ പ്രവേശിക്കാനുള്ള സാധ്യത അസാധ്യം തന്നെയാണ്. ബംഗ്ലാദേശിനെ 300ലധികം റൺസുകൾക്ക് തോൽപിച്ചാൽ മാത്രമേ പാക്കിസ്ഥാൻ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുകയും സെമി പ്രവേശനം സാധ്യമാവുകയും ചെയ്യൂ.

അതേ സമയം, ഇത് ബുദ്ധിമുട്ടാണെങ്കിലും ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് അറിയിച്ചു. 500 റൺസടിച്ചിട്ട് അവരെ വേഗം പുറത്താക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും അതിനു ശ്രമിക്കുമെന്ന് സർഫറാസ് അറിയിച്ചു. ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായിരുന്നു പരമാവധി ശ്രമിച്ചത്. നാളെ ബംഗ്ലാദേശിനെതിരെയും ജയിക്കാനായി തന്നെയാണ് ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് മുന്നിലുള്ള ലക്ഷ്യം വളരെ വ്യക്തമാണ്. അതില്‍ രഹസ്യങ്ങളൊന്നുമില്ല. ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സടിക്കുകയും 316 റണ്‍സിന് വിജയിക്കുകയും ചെയ്യണം.

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നോക്കിയാല്‍ 280-300 റണ്‍സാണ് ശരാശരി സ്കോര്‍. ഓസ്ട്രേലിയക്കെതിരായ തോല്‍വിയാണ് ഞങ്ങള്‍ക്ക് വിനയായത്. പാക്കിസ്ഥാന്‍ കളിച്ച മത്സരങ്ങളിലെ പിച്ചുകളെല്ലാം ബാറ്റിംഗിന് ദുഷ്കരമായിരുന്നുവെന്നും പന്ത് ശരിയായ രീതിയില്‍ ബാറ്റിലേക്ക് എത്തിയിരുന്നില്ലെന്നും സര്‍ഫറാസ് പറഞ്ഞു. ഓസ്ട്രേലിക്കെതിരായ ജയിക്കാമായിരുന്ന കളിയാണ് പാക്കിസ്ഥാന്‍ തോറ്റതെന്നും സര്‍ഫറാസ് പറഞ്ഞു.