ഏഷ്യാ കപ്പ്: പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍

September 24, 2018

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിലും വിജയിച്ച ഇന്ത്യ ഫൈനലില്‍ കടന്നു. പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി. ഒരു വിക്കറ്റ് നഷ്ടത്തില്‍ അറുപത്തി മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ പാകിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് മറികടന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സെഞ്ചുറി അടിച്ചെടുത്തു.

114 റണ്‍സാണ് ശിഖര്‍ ധവാന്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സിക്‌സും പതിനാറ് ബൗണ്ടറിയും ഉള്‍പ്പെടും. ഏഴ് ബൗണ്ടറിയും നാല് സിക്‌സുംമെടുത്ത രോഹിത് ശര്‍മ്മ കളിയില്‍ പുറത്താകാതെ നിന്നു. 111 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 12 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും പുറത്തായില്ല. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ബാറ്റിങിന്റെ തുടക്കം മുതല്‍ക്കെ പാകിസ്ഥാന് മികച്ച നിലവാരം പുലര്‍ത്താനായില്ല. ഷുഐബ് മാലിക്ക് അടിച്ചെടുത്ത 78 റണ്‍സ് മാത്രമാണ് അല്‍പമെങ്കിലും പാകിസ്ഥാനെ പിന്തുണച്ചത്. മാലിക് തന്നെയാണ് പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 90 പന്തില്‍ നിന്നുമാണ് മാലിക് 78 റണ്‍സ് എടുത്തത്.