പെണ്ണിന് പകരം മുട്ടപപ്പ്സിനെയും തണ്ണീർമത്തനെയും സ്നേഹിച്ച മെൽവിൻ കൗണ്ടർ അടിക്കാൻ മാത്രമല്ല പാട്ടുപാടാനും മിടുക്കനാണ്; ലൊക്കേഷൻ വീഡിയോ

‘പെണ്ണിന് പകരം മുട്ടപപ്പ്സിനെയും തണ്ണീർമത്തൻ  ജ്യൂസിനേയും സ്നേഹിച്ച’  തണ്ണീർമത്തൻ ദിനങ്ങളിലെ പ്രധാന കഥാപാത്രം ജെയ്‌സന്റെ ചങ്ക് ഫ്രണ്ട് മെൽവിൻ കടന്നു കയറിയത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.. ആദ്യ ചിത്രത്തിലൂടെത്തന്നെ ഇത്രയധികം കൈയ്യടി നേടുന്ന നസ്‌ലൻ എന്ന ബിടെക്ക് വിദ്യാർത്ഥിയുടെ സിറ്റുവേഷൻ കോമഡികൾക്ക് മലയാളികൾ ചിരിച്ചത് ഉള്ളിൽതട്ടിയാണ്..

‘താങ്ക്യൂ സാർ, സോറി സാർ’, ‘ഒരു കിലോമീറ്റർ അപ്പുറത്തുപോയി ബോള് പിടിയ്ക്കാൻ ഞാൻ എന്താ ഡിങ്കനോ..?’ .. ‘നീ എറിഞ്ഞാൽ വൈഡ് അല്ലെ പോകു’.. തുടങ്ങി ഒരുപാട് സിറ്റുവേഷൻ കോമഡികൾ ടൈമിംഗ് വച്ച് പറഞ്ഞ ‘ബുദ്ധി മെയിനായിട്ടുള്ള’ ഈ കുട്ടിയെ ചിത്രം കണ്ടതിന് ശേഷം പ്രശംസിക്കാത്തവരായി ആരുമില്ല.. തിയേറ്ററിൽ മികച്ച വിജയം നേടുന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ കയ്യടിനേടുമ്പോൾ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഒരു കഥാപാത്രമാണ് മെൽവിനും.  ടൈമിംഗ് വച്ച് കൗണ്ടർ അടിക്കാൻ മാത്രമല്ല പാട്ടുപാടാനും അറിയാമെന്ന് തെളിയിക്കുന്ന താരത്തിന്റെ ഒരു കിടിലൻ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമ ചിത്രീകരണത്തിനിടെ ക്ലാസിലിരുന്ന് പാട്ടുപാടുന്ന താരത്തിന്റെ വീഡിയോയ്ക്കാണ് നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്. ഡസ്കിൽ താളം പിടിച്ച് ‘നീല സാരി വാങ്ങിത്തരാം’ എന്ന പാട്ടാണ് നസ്‌ലനും സംഘവും പാടുന്നത്

ലളിതമായ അവതരണ രീതിയിലൂടെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുവാൻ സംവിധായകൻ ഗിരീഷ് എ ഡിയ്ക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുന്ന ഒരു കൊച്ചു ചിത്രമാണ്.

കേള്‍വിയില്‍ പുതുമ പകരുന്ന ഗാനങ്ങളിലൂടെയും ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു. സ്കൂൾ കാലഘട്ടത്തിൽ ഉണ്ടാകുന്ന എല്ലാ വികാരങ്ങളെയും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്. അവതരണത്തിലെ പുതുമ കൊണ്ടും അഭിനയത്തിലെ മികവ് കൊണ്ടും തണ്ണീർമത്തൻ ദിനങ്ങളും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു.