ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആരുണി ഇനി ഓർമ്മ

നിഷ്കളങ്കത നിറഞ്ഞ മുഖവും മനോഹരമായ അഭിനയവുമായെത്തി സോഷ്യൽ മീഡിയയുടെ മനം കവർന്ന കൊച്ചു സുന്ദരിയാണ് ആരുണി എസ് കുറുപ്പ്. ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തലച്ചോറിന് ബാധിച്ച ഗുരുതരമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആരുണി തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച പുലർച്ചെ എട്ട് മണിയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആരുണി. ഒരു വർഷം മുൻപാണ് ആരുണിയുടെ പിതാവ് സനോജ് സൗദിയിൽ വാഹനപകടത്തിൽ മരണമടഞ്ഞത്.

ടിക്ക് ടോകിലൂടെയും യൂട്യൂബിലൂടെയും നിരവധി ആരാധകരെ നേടിയ താരമാണ് ആരുണി. അതുകൊണ്ടുതന്നെ ആരുണിയുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ പകച്ചുനിൽക്കുകയാണ് സൈബർ ലോകം.