അബിന് ഇനി കേള്‍ക്കാം; പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് ‘അനന്തരം’

മഹരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.

പന്ത്രണ്ടാം വയസില്‍ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അബിന്‍. കോഴിക്കോടാണ് അബിന്റെ സ്വദേശം. 2016- ല്‍ കീമോ തെറാപ്പിയുടെ അനന്തരഫലമെന്നോണം അബിന്റെ കേള്‍വി ശക്തി നഷ്ടമായി. അബിന്റെ പഠനത്തെപ്പോലും രോഗാവസ്ഥ ദോഷകരമായി ബാധിച്ചു.

Read more:ഇരു വൃക്കകളും തകരാറിലായ സായ്റാമിന് സഹായവുമായി ‘അനന്തരം’

ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട് അബിന്‍ എന്ന പതിനേഴ് വയസുകാരന്. രണ്ട് ശസ്ത്രക്രിയകള്‍ ആവശ്യമാണ് അബിന്റെ കേള്‍വി ശക്തി വീണ്ടെടുക്കാന്‍. ഏകദേശം പതിനഞ്ച് ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ഓപ്പറേഷനുകളാണ് ഡോക്ടര്‍മാര്‍ അബിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ നിര്‍ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. പഠനത്തില്‍ ഉന്നതവിജയം നേടി മികച്ച ഒരു അധ്യാപകനാകണമെന്നതാണ് അബിന്റെ സ്വപ്നം. നിരവധി പേരാണ് അബിന് സഹായവുമായെത്തുന്നത്. അനന്തരം പരിപാടി ഏറ്റെടുത്തതോടെ അബിന് ഇനി നല്ല നാളുകള്‍ സ്വപ്‌നം കാണാം.