മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സഹായഹസ്തവുമായി ഫ്ളവേഴ്‌സ് അനന്തരം ടീം: ചിത്രങ്ങള്‍

August 22, 2019

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്,  ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം.

നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ വൈകാരികകുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാന്‍ ലോകമലയാളികള്‍ക്കും അവസരമൊരുങ്ങുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ.

അനന്തനാരായണൻ

ദാരുണമായ വിധി ക്രൂരമായി പലതവണ വേട്ടയാടിയ ജീവിതങ്ങളാണ് അനന്തനാരായണന്റെയും ഭാര്യ ദിവ്യ അനന്തനാരായണന്റെയും. ഹൃദയ സംബന്ധമായ അസുഖത്താല്‍ വിവാഹത്തിന് മുമ്പും ശേഷവും ഏറെ വേദനകള്‍ സഹിക്കേണ്ടിവന്ന ദിവ്യ ഒടുവില്‍ രോഗത്തെ അതിജീവിച്ചു. എന്നാല്‍ ദിവ്യയുടെ ഭര്‍ത്താവ് അനന്തനാരായണനെ അപ്രതീക്ഷിതമായി ബാധിച്ച ന്യുമോണിയ ഈ കുടുംബത്തിന്റെ താളംതെറ്റിച്ചു. ന്യുമോണിയയുടെ അണുക്കള്‍ തലച്ചോറിനെയും നാഡിവ്യൂഹങ്ങളെയും ബാധിച്ചു. ഗുരുതരമായ രോഗവാസ്ഥയിലൂടെയാണ് അനന്തനാരായണന് കടന്നുപോകേണ്ടിവന്നത്. ഏറെ ചികിത്സിച്ചിട്ടും രോഗം ഇപ്പോഴും ഇദ്ദേഹത്തെ പിന്തുടരുന്നു.

അനന്തനാരായണന്റെ മകളുടെ വിദ്യാഭ്യാസം പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഫ്ളവേഴ്‌സ് ടിവിയിലെ ഒരു സ്റ്റാഫ് ഏറ്റെടുത്തു. കായംകുളത്തുള്ള ഭാസ്‌കരന്‍ നായര്‍ പതിനായിരം രൂപ നല്‍കി. ഓസ്ട്രേലിയയിലുള്ള സതേണ്‍ ഫുട്ബോള്‍ ക്ലബ് ഇരുപത്തി അയ്യായിരം രൂപ നല്‍കി.

അഭിലാഷ്

തിരുവല്ല പുത്തൂര്‍ സ്വദേശിയാണ് അഭിലാഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ച ഒരു അപകടം അഭിലാഷിന്റെ ജീവിതയാത്രയില്‍ കടുത്ത വേദനകളും പ്രതിസന്ധികളുമാണ് സമ്മാനിയ്ക്കുന്നത്. പതിനാല് വയസാണ് അഭിലാഷിന്റെ പ്രായം.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രകാശന്റെയും ഭാര്യ സന്ധ്യയുടെയും മൂത്ത മകനാണ് അഭിലാഷ്. അപകടത്തില്‍ അഭിലാഷിന്റെ ഇരു വൃക്കകളും തകരാറിലായി. ഒരു വൃക്ക റിമൂവ് ചെയ്തു. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിവരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം അഭിലാഷിന്റെ പഠനവും കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുന്നില്ല. ഇതിനോടകംതന്നെ പത്തു ലക്ഷത്തോളം രൂപ അഭിലാഷിന്റെ ചികിത്സയ്ക്കായി വേണ്ടി വന്നു. പ്രളയത്തില്‍ വീട് കൂടി നഷ്ടമായതോടെ അഭിലാഷിന്റെ കുടുംബം പ്രതിസന്ധിയിലായി. പഠനത്തില്‍ മിടുക്കനായ അഭിലാഷിന്റെ ജീവിതത്തില്‍ കൂടുതല്‍ കരുത്തുമായി സുമനസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ഗ്യാസ്പര്‍

എറണാകുളം ചെല്ലാനത്തെ ഒരു കുടുംബത്തിലെ നാല് മക്കള്‍ക്കും കരള്‍ രോഗമാണ്. ഗ്യാസ്പര്‍, ജോംസണ്‍, ബകിത, നികിത എന്നിവരാണ് ഈ മക്കള്‍. മൂത്ത മകന് പത്താംവയസിലാണ് രോഗം പിടികൂടുന്നത്. ഒരു വര്‍ഷത്തോളം അസുഖം എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടൈഫോയിടിലൂടെയായിരുന്നു തുടക്കം. എന്നാല്‍ രോഗത്തെ ആദ്യം നിര്‍ണ്ണയിക്കാന്‍ സാധിച്ചിരുന്നില്ല. കേട്ടയം ഏറ്റുമാനുരുള്ള സുകുമാരന്‍ ഡോക്ടറാണ് ഗ്യാസ്പറിന്റെ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരുടെ രക്തം പരിശോധിച്ചു. കുടുംബത്തിലെ നാല് മക്കള്‍ക്കും കരള്‍ രോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കരള്‍ മാറ്റിവയക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ രോഗാവസ്ഥയില്‍ നിന്നും നാല് പേര്‍ക്കും മോചിതരാകാന്‍ സാധിക്കൂ. ഭീമമായ തുകയുടെ മരുന്നുകള്‍ തന്നെവേണം ഇവര്‍ക്ക്. പഠിക്കണമെന്നും ജോലി നേടണമെന്നുമൊക്കെ ഇവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ രോഗാവസ്ഥ ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തുന്നു. സുമനസുകൾ ഇവർക്കൊപ്പം എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ജോയ്‌സ് ബിനു 

മരപ്പണിക്കാരനായ ബിനുവിന്റെയും ഭാര്യ ജാന്‍സിയുടെയും മകനാണ് ജോയ്‌സ് ബിനു. പത്ത് വയസാണ് പ്രായം. വയനാടാണ് സ്വദേശം. ബിനുവിനും ഭാര്യ ജാന്‍സിക്കും കാത്തിരുന്ന കിട്ടിയ ആണ്‍കുഞ്ഞാണ് ജോയ്‌സ്. എന്നാല്‍ ജന്മാനാ മുതല്‍ക്കെ റൈഡ്‌തെറാക്‌സിസ് സ്‌കോളിയോസിസ് എന്ന രോഗമാണ് ഈ ബാലന്.

ശരീര വിന്യാസത്തിലും ഘടനയിലുമെല്ലാം അപാകതകള്‍ ഉണ്ടാക്കുന്ന ഈ രോഗാവസ്ഥ പ്രായം കൂടുതോറും കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കും. ശസ്ത്രക്രിയയിലൂടെ രോഗം പൂര്‍ണ്ണമായും മാറുമെന്നു ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള ഭീമമായ ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഫ്ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടിയിലൂടെ പ്രേക്ഷകര്‍ പരിചയപ്പെട്ട ജോയ്‌സ് ബിനുവിന് ഇനി നല്ല നാളുകള്‍ സ്വപ്‌നം കാണാം.

കാഞ്ചന

കണ്ണൂര്‍ ജില്ലയിലെ തോട്ടട സ്വദേശിയാണ് കാഞ്ചന. 47 വയസ്സാണ് കാഞ്ചനയുടെ പ്രായം. ഏഴ് വര്‍ഷമായി വൃക്കരോഗം കാഞ്ചനയുടെ സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയിട്ട്. സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടിലാണ് കാഞ്ചനയുടെ കുടുംബം. ബാങ്കില്‍ നിന്നും ലോണെടുത്തും മറ്റുള്ളവരുടെ സഹായങ്ങള്‍ക്കൊണ്ടുമൊക്കെയാണ് ഇതുവരെയുള്ള ചികിത്സകളൊക്കെയും നടത്തിയത്. ലോണ്‍ തിരിച്ചടയക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. ഇതിനിടയില്‍ വീട് ജപ്തി ഭീഷണി നേരിട്ടു. വാടകവീട്ടിലാണ് ഇപ്പോള്‍ താമസം.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാഞ്ചനയുടെ രണ്ട് വൃക്കകളും തകരാറിലാണെന്ന് തിരിച്ചറിഞ്ഞത്. രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കാഞ്ചനയെ ഉപേക്ഷിച്ചു. ഒരു അപകടത്തെ തുടര്‍ന്ന് മകന്‍ മരിച്ചു. കാഞ്ചനയുടെ മകള്‍ക്കുള്ള ഒരു ചെറിയ ജോലിയില്‍ നിന്നും ലഭിയ്ക്കുന്ന ചെറിയ തുക മാത്രമാണ് ആകെയുള്ള വരുമാന മാര്‍ഗം.

‘നമുക്ക് മരിക്കാം’ എന്ന് മകള്‍ പലവട്ടം പറഞ്ഞു. എന്നാല്‍ തങ്ങളെ ഒഴുവാക്കിയവര്‍ക്ക് മുമ്പില്‍ ജീവിച്ച് കാണിക്കണം എന്ന ആഗ്രഹത്തിലാണ് കാഞ്ചന. രോഗം പൂര്‍ണ്ണമായും മാറിയിട്ടുള്ള നാളുകള്‍ സ്വപ്‌നം കാണുകയാണ് ഇവര്‍. ജീവിതത്തെക്കുറിച്ചുള്ള കാഞ്ചനയുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ചെറുതല്ല. കൈത്താങ്ങ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കാഞ്ചനയ്ക്ക് ആവശ്യമായ ചെറിയ സഹായങ്ങള്‍ നല്‍കിവരുന്നത്.

ഉദയന്‍

ചെറിയ വേദികളില്‍ തന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചും ഒഴിവു സമയങ്ങളില്‍ കെട്ടിടം പണിക്കു പോയും ജീവിതം മുന്നോട്ടു നയിച്ചിരുന്ന വ്യക്തിയാണ് ഉദയന്‍. മലപ്പുറമാണ് ഉദയന്റെ സ്വദേശം. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്കിടയില്‍ ഉണ്ടായ ഒരു അപകടം ഉദയന്റെ ജീവിതത്തെ ആകെ താളം തെറ്റിച്ചു.

ജോലിക്കിടയില്‍ ഉയരത്തുനിന്നും താഴെ വീഴുകയായിരുന്നു ഉദയന്‍. പരിക്കുകള്‍ ഒക്കെയും ഗുരുതരം. നട്ടെല്ലിന് ക്ഷതമേറ്റു. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉദയന് ഇന്ന് പരസഹായം വേണം. പഠനത്തില്‍ മിടുക്കനായിരുന്നു ഉദയന്‍ മികച്ച ഒരു ജോലി നേടി കുടുംബത്തെ സംരക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ സംഭവിച്ച അപകടം ഉദയന്റെ സ്വപ്‌നങ്ങളെയാണ് കവര്‍ന്നെടുത്തത്.

വീഴ്ചയ്ക്കിടയില്‍ നട്ടെല്ലിനുണ്ടായ പരിക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വാഗ്ദാനം. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നുണ്ട് ഉദയന്റെ കുടുംബം. ഉദയന് ഇനി നല്ല നാളുകള്‍ സ്വപ്‌നം കാണാം.

ഉത്തമന്‍

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് ഉത്തമന്‍. ഭാര്യ ശ്രീലത. വാടകവീട്ടിലാണ് ഉത്തമന്റെയും കുടുംബത്തിന്റെയും താമസം. 2005- ല്‍ മറ്റൊരാള്‍ക്കു വേണ്ടി സ്വന്തം കിഡ്‌നി ദാനം ചെയ്തു ഉത്തമന്‍. മറ്റുള്ളവരുടെ വേദനകളെ സ്വയം വേദനയായി കാണുന്ന ഉത്തമന്‍ ഇന്ന് ഹൃദയ സംബന്ധമായ അസുഖത്തോട് പോരാടുകയാണ്.

രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് മൂലം മരണത്തിന്റെ വക്കോളം എത്തിയിട്ടുണ്ട് ഉത്തമന്റെ ജീവിതം. ജോലിക്ക് പോകാനാവാത്ത വിധം രോഗം ഉത്തമനെ കീഴ്‌പ്പെടുത്തിയിരിയ്ക്കുന്നു. അടുത്ത സുഹൃത്തുക്കളുടെ കാരുണ്യത്താലാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. നിത്യചെലവിനു പോലും ബുദ്ധിമുട്ടുകയാണ് ഈ ദമ്പതികള്‍.

ബൈജു ഏലിയാസ്

ക്രൂരമായ വിധിക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയാണ് എറണാകുളം സ്വദേശിയായ ബൈജു ഏലിയാസ്. ഏലിയാസിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. എറണാകുളം ജില്ലയിലെ മാറാടി വടക്കേക്കരയിലാണ് കുടുംബത്തോടൊപ്പം ബൈജുവിന്റെ താമസം.

ഡയാലിസിസിലൂടെ മാത്രമാണ് ബൈജു ഇന്ന് ജീവിക്കുന്നത്. അമ്മ വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ടെങ്കിലും ഭീമമായ ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

പെയിന്റിങ് തൊഴിലാളിയായ ബൈജു വാടക വീട്ടിലാണ് താമസിക്കുന്നത്. ജോലിക്ക് പോകാനാകാത്ത വിധം രോഗം തളര്‍ത്തിയിരിക്കുകയാണ് ബൈജുവിനെ. സുമനസുകളുടെ കാരുണ്യപ്രവാഹം ബൈജുവിന് ഇനിയും ആവശ്യമാണ്.

അഥില്‍ അനീഷ്

വെറും പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ഹൃദയ വാല്‍വ് മാറ്റിവയക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ് അഥില്‍ അനീഷ്. എന്നാല്‍ ശസ്ത്രക്രിയ ഫലപ്രദമാകാതെ വന്നപ്പോള്‍ ഒന്നര വയസ്സില്‍ വീണ്ടും ഓപ്പറേഷന്‍. ജന്മനാ തന്നെയുള്ള ഹൃദയവാല്‍വിലെ തകരാറ് പൂര്‍ണ്ണമായും മാറണമെങ്കില്‍ ഇനിയും രണ്ട് ഓപ്പറേഷനുകള്‍ക്കൂടി ബാക്കിയുണ്ട്.

സാമ്പത്തികമായി ഏറെ പ്രയാസത്തിലാണ് ഈ കുടുംബം മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അഥിലിന്റെ അച്ഛന്‍ അനീഷും കുടുംബവും. ഇടുക്കിയാണ് അഥിലിന്റെ സ്വദേശം. അഥില്‍ അനീഷിന് സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിച്ചുകൊണ്ട് നിരവധി സുമനസുകൾ ഇനിയും എത്തും.

അക്ഷയ്

ജനിച്ച ആറാം മാസംതന്നെ ശരീരത്തിന്റെ ചലനശേഷിയും കാഴ്ചയും കേള്‍വിയുമെല്ലാം നഷ്ടപ്പെട്ടയാളാണ് അക്ഷയ്. ചികിത്സയുടെ ഭാഗമായി കുത്തിവയ്പുകള്‍ എടുത്തപ്പോള്‍ സ്‌പൈനല്‍ കോര്‍ഡിനേറ്റ പരിക്കാണ് അക്ഷയുടെ ഈ രോഗാവസ്ഥയ്ക്ക് കാരണം. ഒന്നര വയസു പിന്നിട്ടപ്പോള്‍ കാഴ്ചയും കേള്‍വിയും സംസാര ശേഷിയും തിരിച്ചുകിട്ടി. എന്നാല്‍ അരയ്ക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടു. സ്‌പൈനല്‍ കോര്‍ഡില്‍ സര്‍ജറി നടത്തിയാല്‍ ഇപ്പോഴുള്ള അക്ഷയ് യുടെ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

കൊല്ലമാണ് അക്ഷയുടെ സ്വദേശം.  സാമ്പത്തീകമായി ഏറെ പ്രയാസപ്പെടുന്നുണ്ട് ഈ കുടുംബം. പണമില്ലാത്തതിനാലാണ് അക്ഷയുടെ ശസ്ത്രക്രിയ പോലും വൈകുന്നത്. അക്ഷയ്‌ക്ക് താങ്ങായി ഇനിയും നിരവധിപ്പേർ എത്തേണ്ടതുണ്ട്.

ആശ

കാസര്‍ഗോഡ് ജില്ലയിലെ ചീര്‍ക്കയം നിവാസിയായ ആശ 12 വര്‍ഷമായി രോഗത്തോട് പൊരുതുകയാണ്. വൃക്ക സംബന്ധമായ രോഗം ബാധിച്ചതോടെ ഭര്‍ത്താവ് ആശയെ ഉപേക്ഷിച്ചു. 12 വര്‍ഷമായി തുടര്‍ച്ചയായി ഡയാലിസിസ് നടത്തുന്നുണ്ട് ആശ. ഒരിക്കല്‍പോലും വിധിയ്ക്ക് മുമ്പില്‍ തോല്‍ക്കാന്‍ ആശ തയാറായിരുന്നില്ല. വൃദ്ധരായ തന്റെ മാതാപിതാക്കളോടോപ്പം സന്തോഷത്തോടെ ജീവിക്കണമെന്നതാണ് ആശയുടെ സ്വപ്നം.

എന്നാല്‍ ആശയുടെ മുന്നോട്ടുള്ള ജീവിതത്തിന് വൃക്ക മാറ്റിവെക്കല്‍ അനിവാര്യമാണ്. 20 ലക്ഷം രൂപയാണ് ചികിത്സാ ചിലവ്. നിര്‍ധനരായ ആശയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഈ ഭീമമായ തുക. എന്നാല്‍ അനന്തരം പരിപാടിയിലൂടെ സന്തോഷത്തിന്റെയും ശുഭപ്രതീക്ഷയുടെയും പുതിയ ദിവസങ്ങള്‍ ആശയെ കാത്തിരിക്കുകയാണ്. അനന്തരം ലൈവ് ലൂടെ ആശയെ സഹായിക്കാന്‍ ഒരുപാട് നന്മമനസുകള്‍ മുന്നോട്ടു വന്നു. അനന്തരം പരിപാടിയിലൂടെ ആശയുടെ ജീവിതം കണ്ടറിഞ്ഞ കൊല്ലം ഓച്ചിറ സ്വദേശി ബിജു വൃക്ക നല്‍കാമെന്ന് അനന്തരത്തിലൂടെ അറിയിച്ചു. അനന്തരം എന്ന സ്‌നേഹ സ്പര്‍ശമായ പരിപാടിയിലൂടെ രോഗമുക്തമായ നാളുകള്‍ കൈയ്യെത്തിപിടിക്കാന്‍ ഒരുങ്ങുകയാണ് ആശ.

ആത്മീക

ശ്വസിക്കുമ്പോൾ ഹൃദയം പുറത്തേക്ക് വരുന്ന അവസ്ഥയിൽ ഉള്ള രോഗം പിടിപെട്ടു മുന്നോട്ടുള്ള ചികിത്സയ്ക്ക് കഴിയാത്ത അവസ്ഥയിലായിരുന്നു ആത്മീകയുടെ കുടുംബം. ചികിത്സയ്ക്ക് മാത്രമായി ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ്. കൂലിപ്പണിക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനംകൊണ്ട് മുന്നോട്ടുള്ള ചികിത്സ ഒരിക്കലും സാധ്യമായിരുന്നില്ല. ചൈൽഡ് ഫൗണ്ടേഷന്റെ സഹായംകൊണ്ട് മാത്രമാണ് ഇത്രയും നാൾ ജീവൻ നിലനിർത്താൻ സാധിച്ചിരുന്നത്.

അനന്തരം പരിപാടിയുടെ ഭാഗമായി ആത്മീകയുടെ അവസ്ഥ അറിഞ്ഞ് ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ കാഞ്ഞങ്ങാട് മൂകാംബിക ട്രാവൽസ് ഉടമയായ വിദ്യാധരൻ മുന്നോട്ടു വന്നിരിക്കുകയാണ്. നിരവധി കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം എല്ലാമാസവും ഒന്നാം തീയതി ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രമാണ് നാലോളം ബസ് സർവീസ് നടത്തുന്നത്. ഏകദേശം 65 ഓളം അപേക്ഷകൾ ഇത്തവണയും വന്നിരുന്നെങ്കിലും അതൊക്കെ മാറ്റിവെച്ചാണ് ആത്മീകയ്ക്ക് വേണ്ടി ബസ് സർവീസ് നടത്താൻ വിദ്യാധരൻ തീരുമാനിച്ചിരിക്കുന്നത്.

അയ്യപ്പദാസ് 

മൃദുൽ

മുഹമ്മദ് കൈഫ്