കനത്ത മഴ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 14, 2019

മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ അടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ഇന്നലെ രാത്രി മാത്രം പത്ത് അടി വെള്ളമാണ് പമ്പാ നദിയിൽ ഉയര്‍ന്നത്. ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ പല റോഡുകളും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി.

ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. പത്തനംതിട്ടയിൽ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ് മണിമലയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുകയാണ്. മലയോര മേഖലകളിൽ കനത്ത മഴ പെയ്യുന്നതിനാൽ നദികളിൽ ഇനിയും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്‌. മധ്യകേരളത്തില്‍ ശക്തമാകുന്ന മഴ വടക്കന്‍ കേരളത്തിലേക്ക് വ്യാപിക്കും. മലപ്പുറം, കണ്ണൂർ ജില്ലകളില്‍ റെഡ് അലര്‍ട്ടും, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.