ജയറാമിന്റെ ‘പട്ടാഭിരാമൻ’ തിയേറ്ററുകളിലേക്ക്

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. അണിയറയിൽ പൂർത്തിയായ ചിത്രം ഈ മാസം പതിനഞ്ചിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാമും കണ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. പ്രധാനമായും തിരുവനന്തപുരം കേന്ദ്രമാക്കിയണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിൽ മൂന്ന് നായികമാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

Read also: ഇത് മലയാളികൾക്ക് അഭിമാന നിമിഷം; മൂന്നാമതും അവാർഡ് നിറവിൽ ഗിന്നസ് പക്രു…

അതേസമയം ജയറാമിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദർ. ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ.

അതേസമയം ജയറാമിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അല്ലു അർജുന്റെ അച്ഛനായി താരം എത്തുന്ന തെലുങ്ക് ചിത്രമാണ് ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.