മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി പൊലീസ് ഉദ്യോഗസ്ഥര്‍: സ്‌നേഹക്കഥ

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ഇപ്പോഴിതാ ഒദ്യോഗിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കിയിരിക്കുകയാണ് എടത്വാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഓണത്തെ വരവേറ്റത്.

കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മക്കള്‍ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പോലീസ് ഉദ്യോഗസ്ഥര്‍.

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കോഴി മുക്ക് മുറിയില്‍ പറപ്പള്ളിയില്‍ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കള്‍ ഉണ്ട്. മക്കള്‍ വിദേശരാജ്യങ്ങളിലും മറ്റു പലയിടങ്ങളിലുമായി അവരുടെ ജീവിത തിരക്കിന്റെ ഭാഗമായോ മറ്റോ കഴിയുന്നു. അമ്മയെ നോക്കാന്‍ അവര്‍ക്ക് സമയം കിട്ടുന്നില്ല. വീടിന്റെ ചുറ്റും ക്യാമറകള്‍ ഘടിപ്പിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. ക്യാമറ കണ്ണുകളിലൂടെയാണ് പലപ്പോഴും മക്കള്‍ അമ്മയെ കാണുന്നത് തന്നെ.

വയോധികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തന്നതിന് വേണ്ടി പൊലീസ് ഗൃഹസന്ദര്‍ശനം നടത്താറുണ്ട്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ് രാജിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഈ അമ്മ.

ഓണ നാളില്‍ അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച അതിദയനീയമായിരുന്നു. കഷ്ടപ്പെട്ട് കഞ്ഞി മാത്രം വച്ചിട്ടുണ്ട് അവര്‍. സഹായിക്കാന്‍ ആരുമില്ല. നല്ല നിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് പോലും അവരുടെ ഓണം ഈ അവസ്ഥയിലാണ്. . എന്തെങ്കിലും അപായം സംഭവിച്ചാല്‍ പോലും ആരും അറിയാന്‍ കഴിയാത്ത അവസ്ഥ, സമീപത്തെ വീട്ടുകാരോട് ബന്ധപ്പെടാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല.

എന്തായാലൂം പോലീസുകാര്‍ക്ക് സകുടുംബം ഓണം ആഘോഷിക്കാന്‍ കഴിയില്ല. എന്നാല്‍ പിന്നെ ഈ അമ്മയോടൊപ്പം ഓണം കൂടാന്‍ സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ് രാജും പോലീസുകാരും തീരുമാനിച്ചു. ഓരോ വിഭവങ്ങള്‍ ഓരോ പോലീസുകാരുടെ വീടുകളില്‍ നിന്നും എത്തിച്ചു. അവര്‍ തന്നെ വിളമ്പിക്കൊടുത്ത് അമ്മയോടൊപ്പം ഇരുന്ന് ഓണസദ്യ കഴിച്ചു. അമ്മയ്ക്ക് ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. ഈ ഓണനാളില്‍ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.. അതിന് ശേഷം മക്കളെയും ബന്ധുക്കളെയും വിളിച്ച് അമ്മയുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് താക്കീതും നല്‍കി.

സ്റ്റേഷന്‍ പരിധിയില്‍ ഇതുപോലെ പലവീടുകളിലും വയോധികര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞവര്‍, നാണക്കേട് ഭയന്ന് ഓണം കഴിഞ്ഞെങ്കിലും അവരുടെ വീടുകളില്‍ എത്തുകയും വൃദ്ധരായ മാതാപിതാക്കളെ കൂട്ടിക്കൊണ്ട് പോകുകയോ അവരുടെ ബന്ധുക്കളെ വരുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാത്രമല്ല പലരും ആ വിവരം സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയും ചെയ്തു.

വയസ്സായ മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. അതിന് അപചയം സംഭവിക്കാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *