വിജയ്‌ക്കൊപ്പം നയന്‍താരയും; കൈയടി നേടി ‘ബിഗില്‍’-ലെ ഗാനം: മണിക്കൂറുകള്‍ക്കുള്ളില്‍ 10 ലക്ഷത്തിലധികം കാഴ്ചക്കാര്‍

പാട്ട് ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. ഭാഷാഭേദമന്യേ മനോഹരങ്ങളായ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മനോഹരമായ ഒരു ഗാനം. വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ബിഗില്‍ എന്ന ചിത്രത്തിലെ ഗാനമാണ് പ്രേക്ഷകര്‍ക്കിടയില്‍ കൈയടി നേടുന്നത്. ചിത്രത്തിലെ ഉനക്കാകെ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

എആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. വിജയ്‌ക്കൊപ്പം നയന്‍താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും. ജേഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്നതാണ് ചിത്രത്തിനുവേണ്ടിയുള്ള വിജയ്‌യുടെ ഒരു ലുക്ക്. ചിത്രത്തില്‍ വിജയ്‌യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ഭാവമാണ് താരത്തിന്റെ മറ്റൊരു ലുക്ക്. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ ഉള്ളില്‍ ആകാംഷ ഉണര്‍ത്തുന്നു വിജയ്‌യുടെ ഈ കലിപ്പ് ലുക്ക്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.