‘ഈ ചിത്രത്തിലെ ആള്‍ക്ക് എന്ത് പ്രായം വരും’?; മമ്മൂട്ടിയുടെ ചിത്രം നോക്കി വയസ് പ്രവചിച്ച് വിദേശികള്‍: രസകരം ഈ വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാള്‍. വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. പതിറ്റാണ്ടുകള്‍ ഏറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമായിട്ട്.

‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല’ എന്ന് പലരും പറയാറുണ്ട് മമ്മൂട്ടിയെക്കുറിച്ച്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒരു വീഡിയോ. മമ്മൂട്ടിയുടെ ഒരു ചിത്രം കാണിച്ച ശേഷം, വിദേശികളോട് ഫോട്ടോയിലെ ആളുടെ പ്രായം പ്രവചിക്കാന്‍ പറയുന്നു. രസകരമാണ് ഓരോരുത്തരും നല്‍കുന്ന മറുപടി. 35 വയസു മുതല്‍ 50 വയസു വരെയാണ് കൂടുതല്‍ ആളുകളും പ്രവചിക്കുന്ന മമ്മൂട്ടിയുടെ പ്രായം. അതേസമയം താരത്തിന് 68 വയസ്സായി എന്നു പറയുമ്പോള്‍ അമ്പരന്ന് നില്‍ക്കുന്നവരെയും വീഡിയോയില്‍ കാണാം.

സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്. നിരവധി ആരാധകര്‍ അര്‍ധരാത്രി താരത്തിന് ആര്‍പ്പുവിളിച്ചുകൊണ്ടും ആശംസകള്‍ നേര്‍ന്നുകൊണ്ടും മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിയിരുന്നു. വീട്ടുപടിക്കല്‍ തടിച്ചുകൂടിയ ആരാധകരെ മമ്മൂട്ടി പുറത്തിറങ്ങി അഭിവാദ്യം ചെയ്തു.