നമുക്ക് ബഹിരാകാശംവരെ ഒന്ന് പോയിവന്നാലോ…!; അറിയാം ബഹിരാകാശ ടൂറിസത്തെക്കുറിച്ച്: വീഡിയോ

വിനോദയാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് പുത്തന്‍ ഇടങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. ഭൂമിയില്‍ മാത്രമല്ല ആകാശത്തിനപ്പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനും അവസരമൊരുങ്ങുകയാണ്. ‘നമുക്ക് ബഹിരാകാശം വരെയൊന്ന് പോയിവന്നാലോ’ എന്ന് പറയുന്ന കാലം അതിവിദൂരമല്ലെന്ന് ചുരുക്കം.

ബഹിരാകാശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നാസ. ദൗത്യം വിജയിച്ചാല്‍ 2024-ഓടെ ചന്ദ്രനിലേയ്ക്കുള്ള യാത്രയുടെ പുതിയ പദ്ധതികള്‍ ആരംഭിയ്ക്കും. അടുത്ത വര്‍ഷം മുതല്‍ ബഹിരാകാശ യാത്രയെ വാണിജ്യ അടിസ്ഥാനത്തിലാക്കാനുള്ള നാസയുടെ ശ്രമവും പുരോഗമിക്കുന്നുണ്ട്. ബഹിരാകാശത്ത് താമസിക്കാന്‍ സാധിക്കുന്ന തരത്തില്‍, ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ എന്ന ആശയമാണ് നാസ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു ബഹിരാകാശ സഞ്ചാരിക്ക് 30 ദിവസം വരെ സ്‌പേസ് സ്റ്റേഷനില്‍ താമസിക്കാനുള്ള അവസരമൊരുങ്ങും. അതേസമയം വലിയ തുക തന്നെ വേണ്ടി വരും ഇത്തരം സഞ്ചാരത്തിന്. 59 മില്യണ്‍ ഡോളര്‍ മുതല്‍ ആരംഭിക്കുന്ന ബഹിരാകാശ യാത്രകളായിരിക്കും ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുണ്ടാകുക.

എന്നാല്‍ നാസയ്ക്ക് മുമ്പേതന്നെ 1988-ല്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ബഹിരാകാശ ടൂറിസം എന്ന ആശയം അവതരിപ്പിച്ചിരുന്നു. 2001 നും 2009 നും ഇടയില്‍ റഷ്യന്‍ കമ്പനിയായ സ്‌പേസ് അഡ്വഞ്ചേഴ്‌സ് ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് യാത്രചെയ്യാന്‍ അവസരമൊരുക്കിയിരുന്നു.

ബഹിരാകാശ ഹോട്ടല്‍
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗേറ്റ്വേ ഫൗണ്ടേഷന്‍ എന്ന കമ്പനി രൂപപ്പെടുത്തിയിരിക്കുന്ന ആശയമാണ് ബഹിരാകാശ ഹോട്ടല്‍. ഭൂമിയെ വലം വയ്ക്കുന്ന രീതിയിലാണ് ഈ ഹോട്ടല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ‘വോണ്‍ ബ്രോണ്‍ ബഹിരാകാശ നിലയം’ എന്നാണ് ഈ ഹോട്ടലിന് നല്‍കിയിരിക്കുന്ന പേര്. ബഹിരാകാശ ഹോട്ടലിന്റെ ഡിസൈനും പുറത്തെത്തിയിട്ടുണ്ട്. 2025 ഓടെ പദ്ധതി നടപ്പിലാക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിയ്ക്കുന്നത്.


400 പേരെവരെ ഉള്‍ക്കൊള്ളിക്കാനാകും വിധം ബഹിരാകാശ ഹോട്ടല്‍ നിര്‍മ്മിക്കാനാണ് ഗേറ്റ്വേ ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നത്. ഹോട്ടലില്‍ സിനിമ തിയറ്റര്‍, റസ്റ്ററന്റ് തുടങ്ങിയ സൗകര്യങ്ങളും ഡിസൈനേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഗുരുത്വാകര്‍ഷണവും ഹോട്ടലിലെ മുറികളില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇവിടെ കാലുറപ്പിച്ച് നടക്കാനും സാധിക്കും.