‘കണ്ണെത്താ ദൂരത്തൊരു വിസ്മയക്കാഴ്ച’; 2500 പ്രകാശവര്‍ഷമകലെ കോസ്മിക് ക്രിസ്മസ് ട്രീ

December 22, 2023

ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് ലോകം. ക്രിസ്മസ് ട്രീ ഒരുക്കിയും സാന്റയും കരോളുമായി ആഘോഷം പൊടിപൊടിക്കുകയാണ്. ഇതിനിടെ ഭൂമിക്കും സൗരയൂഥത്തിനും പുറത്ത് പ്രത്യക്ഷപ്പെട്ട ഒരു വിസ്മയക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ( NASA reveals Cosmic Christmas Tree Cluster )

അതിമനോഹരമായ കോസ്മിക് ക്രിസ്മസ് ട്രീയുടെ ചിത്രമാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 2500 പ്രകാശവര്‍ഷം അകലെയാണ് ഈ കോസ്മിക് ക്രിസ്മസ് ട്രീയുടെ സ്ഥാനം. ആദ്യ കാഴ്ചയില്‍ ഇതൊരു ക്രിസ്മസ് ട്രീ പോലെ തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ എന്‍ജിസി 2264 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുള്ളത്.

പച്ച, നീല, വെള്ള എന്നിങ്ങനെ പല നിറങ്ങളിലായി ഒറ്റനോട്ടത്തില്‍ ക്രിസ്മസ് ട്രീയുടെ രൂപത്തിന് സമാനമാണ് ഈ നക്ഷത്രവ്യൂഹം. വ്യത്യസ്ത ദൂരദര്‍ശനങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ചേര്‍ത്താണ് നാസ ഈ ചിത്രം നിര്‍മിച്ചെടുത്തത്. ക്രിസ്മസ് ട്രീ ക്ലസ്റ്റര്‍ എന്നും ഈ നക്ഷത്രവ്യൂഹം അറിയപ്പെടുന്നുണ്ട്.

വ്യത്യസ്ത വലിപ്പത്തിലുള്ള നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ഈ ക്ലസ്റ്റര്‍. സൂര്യന്റെ പത്തിലൊന്ന് വലുപ്പമുള്ളത് മുതല്‍ ഏഴിരട്ടി വരെ വലുപ്പമുള്ള നക്ഷത്രങ്ങളാണ് ഈ വ്യൂഹത്തില്‍ ഉള്‍പ്പെടുന്നത്. നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററി കണ്ടെത്തിയ നീലയും വെള്ളയും നക്ഷത്രങ്ങള്‍ എക്സ്റേകള്‍ പുറപ്പെടുവിക്കുന്നതാണ്. നക്ഷത്രവ്യൂഹത്തെ പൊതിഞ്ഞുക്കിടക്കുന്ന പച്ചനിറത്തിലുള്ള വാതകം നെബുലയാണ്.

Read Also : ഓരോ നാട്ടിലും ക്രിസ്മസ് ട്രീയ്ക്ക് പറയാൻ ഓരോ കഥ!

വെള്ള നക്ഷത്രങ്ങള്‍ ടു മൈക്രോണ്‍ ഓള്‍ സ്‌കൈ സര്‍വേയില്‍ നിന്നുള്ളതാണ്. കിറ്റ് പീക്ക് ഒബ്സര്‍വേറ്ററിയായ ഡബ്ല്യു.ഐ.വൈ.എന്‍ 0.9 മീറ്റര്‍ ദൂരദര്‍ശിനിയിലാണ് ഇവ പതിഞ്ഞത്. നെബുലയുടെ ത്രികോണ ആകൃതിയിലുള്ള സ്‌പൈകി പ്രൊജക്ഷനുകളും ഒരു ക്രിസ്മസ് ട്രീയോട് സാമ്യത തോന്നിപ്പിക്കുന്നു. കൂടാതെ ക്രിസ്മസ് ട്രീയിലെ അലങ്കാരം പോലെ ചുറ്റിനും കനപ്പെടുന്ന നീലയും വെള്ളയും നക്ഷത്രങ്ങളും കൂടുതല്‍ സാമ്യത നല്‍കുന്നതാണ്. ഈ ചിത്രം ഏകദേശം 160 ഡിഗ്രി ഘടികാര ദിശയില്‍ തിരിക്കുമ്പോഴാണ് ക്രിസ്മസ് ട്രീ പോലെ കാണുന്നത്. എന്നാല്‍ ക്രിസ്മസ് ട്രീ നക്ഷത്രവ്യൂഹത്തെ നമ്മുടെ നഗ്ന നേത്രങ്ങളാല്‍ കാണാനാകില്ലെന്നാണ് നാസ അധികൃതര്‍ പറയുന്നത്.

Story Highlights : NASA reveals Cosmic Christmas Tree Cluster