ചൊവ്വയിൽ കണ്ടെത്തിയ പൂവ്..; ഗവേഷകരുടെ കണ്ടെത്തലിന് പിന്നിൽ

March 9, 2022

ടെക്‌നോളജിയുടെ വളർച്ച എന്നും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്…അതിൽ എന്നും പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങൾ, ഇത് തുടങ്ങിയിട്ട് വർഷങ്ങളായി. ചൊവ്വയിൽ മനുഷ്യൻ താമസമാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്. എന്നാൽ ചൊവ്വയിൽ വർഷങ്ങൾക്ക് മുൻപ് വെള്ളം ഒഴുകിയിരുന്നുവെന്നും ജീവൻ ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നുമുള്ള ചർച്ചകൾ ശരിവയ്ക്കുന്ന ചില തെളിവുകളും അടുത്തിടെ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചൊവ്വയിൽ കണ്ടെത്തിയ പൂവിന് പിന്നാലെയാണ് ഗവേഷകർ. നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നിന്നും ഒരു പൂവിന്റെ ചിത്രമെടുത്തിരുന്നു. ഘടനയിൽ പൂവിന് സാമ്യമാണെങ്കിലും ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു ധാതു നിക്ഷേപത്തിന്റെ ചിത്രമാണിത്.

പൂവിന്റെ ആകൃതിയിൽ ഉള്ള ഇതിന് ഒരു സെന്റിമീറ്റർ വീതിയും സ്പോഞ്ചിന്റ ആകൃതിയുമാണ്. അതേസമയം ചൊവ്വയിൽ വെള്ളം ഉണ്ടായിരുന്ന കാലം മുതലുള്ളതാണ് ഇതെന്നാണ് കണ്ടെത്തൽ. ഈ ചിത്രം പകർത്തിയിരിക്കുന്നത് ചൊവ്വയിലെ യോലിസ് മോൻസ് എന്ന മേഖലയിൽ നിന്നാണ്. ക്യൂരിയോസിറ്റിയിലുള്ള മാർസ് ഹാൻഡ് ലെൻസ് ഇമേജർ എന്ന പ്രത്യേകതരം കാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയത്. എന്നാൽ വെള്ളമുണ്ടായിരുന്ന കാലത്തെ ജലത്തിൽനിന്നും അടിഞ്ഞ ധാതുനിക്ഷേപമായിരിക്കും ഇതെന്നാണ് കണ്ടെത്തൽ. ബ്ലാക്ക് തോൺ സോൾട്ട് എന്നാണ് ഈ ധാതു നിക്ഷേപത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.

Read also: ‘കച്ചാ ബദാമി’ന് ശേഷം ‘പേരയ്ക്ക’ പാട്ട്, യൂട്യൂബിൽ ട്രെൻഡായി തെരുവോരക്കച്ചവടക്കാരന്റെ ഗാനം

യോലിസ് മോൻസ് മേഖലയിൽ നേരത്തെ വെള്ളം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നാണ് ഗവേഷകരുടെ വാദം. അതേസമയം ഇവിടെ നിന്നും ജലം പിന്നീട് അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ തെളിഞ്ഞിട്ടില്ല. അതേസമയം ചൊവ്വയിൽ മുൻപ് സൂക്ഷ്മജീവികളുടെ രൂപത്തിൽ ജീവനുണ്ടായിരുന്നോ എന്ന സാധ്യതയാണ് ക്യൂരിയോസിറ്റി ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് , ഇത് ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളാകാം ഇവയെന്നാണ് ഇപ്പോഴുള്ള നിഗമനം. ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

Story highlights: Picture of minuscule ‘mineral flower’ on Mars